ഹിന്ദ് റജബ്, ലോക മനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ അഞ്ചുവയസുകാരിയായ ഫലസ്തീന്‍ ബാലിക. 2024 ജനുവരി 29ന് ഗസയില്‍ ഇസ്രഈല്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവള്‍.
ഇസ്രഈല്‍ സേന നടത്തിയ ആദ്യ ആക്രമണത്തില്‍ തന്നെ റബജിന് അവളുടെ ആറംഗ കുടുംബത്തെ നഷ്ടമായി. കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ അവളുടെ ജീവന്‍ മാത്രം അവശേഷിച്ചു.
സഹായത്തിനായി അവള്‍ നിലവിളിച്ചു. ഒരു വാഹനത്തിനുള്ളില്‍ നിന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങളുമായി അവള്‍ വാക്കുകള്‍ മുറിഞ്ഞുകൊണ്ട് സംസാരിച്ചു.
ദയവായി എന്നെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകൂ… എല്ലായിടത്തും ഇരുട്ടാണ്… എനിക്ക് ഇരുട്ട് പേടിയാണ്…
ഹിന്ദ് റജബ്
ഗസയില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യയുടെ ഏറ്റവും ഭയാനകമായ രേഖകളിലൊന്നായി ഹിന്ദ് റജബിന്റെ ശബ്ദം മാറി. ലോകമെമ്പാടും ആ ശബ്ദം പ്രതിധ്വനിച്ചു.
റജബിനെ രക്ഷിക്കാനായി എത്തിയ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആര്‍.സി.എസ്) സംഘത്തെയും ഇസ്രഈല്‍ ലക്ഷ്യംവെച്ചു. രക്ഷിക്കാനായി അവര്‍ എത്തുന്നതിന് മുന്‍പ് തന്നെ റജബിനെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തി. ഒപ്പം ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങളേയും.
ഗസയിലെ സാധാരണക്കാരായ മനുഷ്യരെ ഇസ്രഈല്‍ ആസൂത്രിതമായും വിവേചനരഹിതമായും ലക്ഷ്യമിടുന്നതിന്റെ ജീവിക്കുന്ന തെളിവായി ആ ഓഡിയോ സംഭാഷണം ആഗോള തലത്തില്‍ പ്രതിധ്വനിച്ചു.
ഒന്നര വര്‍ഷത്തിനിപ്പുറം, ഇസ്രഈല്‍ വംശഹത്യയുടെ ഇര എന്നതിലുപരി ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഹിന്ദ് ഓര്‍മിക്കപ്പെടുകയാണ്.
ഹിന്ദ് റജബിന് നീതി വേണം. റജബിനെപ്പോലുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് നീതി വേണം. ഹിന്ദ് റജബിന്റെ കൊലപാതകം നടന്ന് ഒന്നര വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ഗസയില്‍ ഇസ്രഈലിന്റെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു. എങ്കിലും ആയിരക്കണക്കിന് വരുന്ന മനുഷ്യര്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല.
തെരുവില്‍ വരച്ച ഹിന്ദ് റജബിന്‍റെ ചിത്രം
ഇസ്രഈല്‍ സൈന്യം ഗസ ആക്രമിച്ചപ്പോള്‍ തന്റെ നാല് സഹോദരങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ടെല്‍ അല്‍ ഹവയിലായിരുന്നു റജബ്.
ആക്രമണ സമയത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇസ്രഈല്‍ സൈന്യത്തിന്റെ ഐ.ഡി.എഫ് യൂണിറ്റ് റജബിന്റേയും കുടുംബത്തിന്റേയും കാറിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി.
റജബിന്റെ 15കാരനായ സഹോദരന്‍ ലയാന്‍ ഹമാദയാണ് കാറില്‍വെച്ച് ആദ്യം ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ ഫോണില്‍ ബന്ധപ്പെടുന്നത്. സൈന്യം തങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടിരിക്കുകയാണെന്നും, ഒരു ടാങ്കര്‍ അടുത്തുവരുന്നുണ്ടെന്നും അവന്‍ പറഞ്ഞു. കാറില്‍ താനും റജബും മാത്രമാണ് ജീവനോടെ ബാക്കിയുള്ളതെന്നും മറ്റെല്ലാവരും കൊല്ലപ്പെട്ടു കഴിഞ്ഞെന്നും പറഞ്ഞ് മുഴുമിപ്പിക്കാന്‍ പക്ഷേ അവനായില്ല.
നിമിഷങ്ങള്‍ക്കകം അവിടെ വെടിയൊച്ചകള്‍ നിറഞ്ഞു. ലയാന്റെ നിലവിളി നിലച്ചു. അതേ കോളില്‍ പി.ആര്‍.സി.എസ്് ടീമിനോട് തുടര്‍ന്ന് സംസാരിച്ചത് റജബായിരുന്നു.
വൈകുന്നേരം 6 മണിയോടെ, പി.ആര്‍.സി.എസ് പാരാമെഡിക്കല്‍ ജീവനക്കാരായ യൂസഫ് അല്‍ സീനോയും അഹമ്മദ് അല്‍ മധൗനും റബജിനെ രക്ഷിക്കാന്‍ ഒരു ആംബുലന്‍സുമായി അല്‍-അഹ്ലി ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു.
കാര്‍ എവിടെയാണെന്ന് അവര്‍ കണ്ടെത്തി പക്ഷേ, പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പാരാ മെഡിക്കല്‍ ജീവനക്കാരും പി.ആര്‍.സി.എസ് കമ്മ്യൂണിക്കേഷന്‍ ടീമും തമ്മിലുള്ള അവസാന കോളില്‍ ഒരു ഉഗ്രസ്ഫോടന ശബ്ദമാണ് കേട്ടത്.
ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം കത്തിക്കരിഞ്ഞ ഒരു ആംബുലന്‍സും പാരാമെഡിക്കല്‍ ജീവനക്കാരായ യൂസഫിന്റെയും അഹമ്മദിന്റെയും മൃതദേഹ അവശിഷ്ടങ്ങളും പിന്നീട് കണ്ടെത്തി.
പിന്നീട് സംഭവസ്ഥലത്ത് ഫോറന്‍സിക് ആര്‍ക്കിടെക്ചര്‍ നടത്തിയ അന്വേഷണത്തില്‍ കാറില്‍ നിന്നും 335 വെടിയുണ്ടകള്‍ കണ്ടെത്തി.
ടാങ്ക് ഓപ്പറേറ്റര്‍മാര്‍ വാഹനത്തിനുള്ളില്‍ രണ്ട് കുട്ടികളെയും കണ്ടെത്തി. കാറില്‍ നിന്ന് 13 മുതല്‍ 23 മീറ്റര്‍ വരെ മാത്രം അകലെയാണ് ഇസ്രഈല്‍ യുദ്ധ ടാങ്ക് സ്ഥാപിച്ചിരുന്നതെന്നും കണ്ടെത്തി. വെറും 6 സെക്കന്‍ഡിനുള്ളില്‍, ഹിന്ദിന്റെ സഹോദരനായ ആ 15 വയസ്സുള്ള ബാലന്‍ പി.ആര്‍.സി.എസുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ മാത്രം അവര്‍ക്ക് നേരെ വന്നത് 64 വെടിയുണ്ടകളായിരുന്നത്രെ…
ഹിന്ദ് റജബിന്റെ കഥ അവരുടെ വ്യക്തിഗത ദുരന്തമെന്നതിനപ്പുറം ഇന്ന് ലോകത്ത് പ്രതിധ്വനിക്കുന്നത്, അധിനിവേശത്തിന്‍ കീഴില്‍ ഫലസ്തീനികള്‍ നേരിടുന്ന ക്രൂരതയുടെ പ്രതീകമായി കൂടിയാണ്.
റബജിന് മുമ്പും ശേഷവും കൊല്ലപ്പെട്ട ആയിരക്കണക്കിന് കുട്ടികളുണ്ട്. ഇസ്രഈല്‍ ബോധപൂര്‍വം ലക്ഷ്യംവെച്ച സിവിലിയന്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ അങ്ങനെ പതിനായിരക്കണക്കിന് മനുഷ്യര്‍.
ഇസ്രഈലിന്റെ വംശഹത്യയും ലക്ഷ്യവും ലോകത്തിന് മുന്നില്‍ പൂര്‍ണ്ണമായി പ്രകടമായിട്ടും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നത്
വിരോധാഭാസമായി തുടരുന്നു.
ജനീവ കണ്‍വെന്‍ഷനുകളും റോം സ്റ്റാറ്റിയൂട്ടും അനുസരിച്ച്, അഞ്ച് വയസ്സുകാരി ഹിന്ദ് റജബും അവളുടെ കുടുംബവും, ഹിന്ദിനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പാരാമെഡിക്കുകളും ഗുരുതരവും സങ്കീര്‍ണ്ണവുമായ കുറ്റകൃത്യത്തിന്റെ ഇരകളായിരുന്നു. ഇസ്രഈലിന്റേത് യുദ്ധക്കുറ്റം തന്നെയായിരുന്നു.
പലസ്തീനികളുടെ കഷ്ടപ്പാടുകള്‍ സാധാരണവത്ക്കരിക്കാനും അവഗണിക്കാനും ശ്രമിക്കുന്ന ഒരു ലോകത്ത്, ഹിന്ദ് റജബിന്റെ കഥ മായ്ക്കാനോ തള്ളിക്കളയാനോ ആര്‍ക്കുമാവില്ല.
ഹിന്ദ് റജബിന്റെ ഓര്‍മ്മകളെ ആദരിക്കുകയെന്നാല്‍ അവളുടെ കൊലപാതകവും മറ്റ് നിരവധി പേരുടെ കൊലപാതകങ്ങളും മറക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോരാടുക എന്നതുകൂടിയാണ്.
ഹിന്ദ് റജബിന്റെ കൊലപാതകം നടന്ന് ഒന്നര വര്‍ഷം പിന്നിട്ട ഈ വേളയിലും സാധാരണക്കാരെയും കുട്ടികളെയും ആരോഗ്യ പ്രവര്‍ത്തകരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇസ്രഈല്‍ ആക്രമണം തുടരുകയാണ്.
ഹിന്ദിന്റെ കൊലപാതകത്തിന് ശേഷം ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലും കൊലപാതകങ്ങളിലും വംശഹത്യയെന്ന അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ഹിന്ദ് റജബിന്റെ കൊലപാതകത്തിന് ശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളും ഉപരോധനങ്ങളും ബഹിഷ്‌കരണങ്ങളും ഉയര്‍ന്നെങ്കിലും ഇസ്രഈലിനെതിരെ അര്‍ത്ഥവത്തായ ഒരുനടപടി സ്വീകരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്ന് തന്നെ പറയാം.
റജബിന്റെ കഥ പിന്നീട് ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്ന ഡോക്യുഡ്രാമയായി മാറി. അത് സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടി.
ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിന്‍റെ പോസ്റ്റർ
2024 മെയില്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ അവരുടെ ഹാമില്‍ട്ടണ്‍ ഹാളിന്റെ പേര് ‘ഹിന്ദ്സ് ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്തു. അങ്ങനെ വംശഹത്യയ്‌ക്കെതിരായ ആഗോള പ്രതിഷേധ പ്രസ്ഥാനത്തിലേക്ക് ഹിന്ദ് റജബിന്റെ പേരും ഉയര്‍ത്തപ്പെട്ടു.
ഹിന്ദ് റജബ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗസയിലെ ഇസ്രഈലി യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്തുകയും ആ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ യുദ്ധക്കുറ്റവാളികളെ തുറന്നുകാട്ടുകയും ചെയ്യുന്ന മനുഷ്യാവകാശ സംഘടന രൂപപ്പെട്ടു.