ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍.. ശാസ്ത്രജ്ഞന്‍
Zaitooninte Makkal
ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍.. ശാസ്ത്രജ്ഞന്‍
ആര്യ. പി
Monday, 13th October 2025, 6:25 pm
ശാസ്ത്രകാര്യങ്ങളിലായാലും വ്യക്തിപരമായ വിഷയങ്ങളിലായാലും തങ്ങളുടെ അധ്യാപകനായ ഡോ. സൂഫിയാന്‍ തയെയുടെ വാതിലില്‍ ചെന്ന് മുട്ടി അഭിപ്രായം തേടാന്‍ ഇനി അവര്‍ക്കാവില്ല. കാരണം ഇസ്രഈല്‍ അദ്ദേഹത്തെ കൊലപ്പെടുത്തി.

2023 ഡിസംബര്‍ രണ്ടിന് വടക്കന്‍ ഗസയിലെ ജബാലിയയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഗസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും പ്രൊഫസറുമായ സൂഫിയാന്‍ തയെയും കുടുംബവും കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കുടുംബങ്ങള്‍ താമസിച്ച ആറ് വീടുകള്‍ തകരുകയും 30ഓളം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു.

ശാസ്ത്രജ്ഞന്‍, ഗവേഷകന്‍, ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും അപാര പാണ്ഡിത്യമുള്ള അധ്യാപകന്‍ എന്നിങ്ങനെ സൂഫിയാന് തയെയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ലോകത്തിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു അദ്ദേഹം.

ഫലസ്തീന്‍ ശാസ്ത്ര സമൂഹത്തിന് നികത്താനാവാത്ത ഒരു ആഘാതമായിരുന്നു സൂഫിയാന്റെ കൊലപാതകം. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഡോ. സൂഫിയാന്‍ കരുതലുള്ള ഒരു അധ്യാപകനും സമര്‍പ്പിതനായ ഒരു പണ്ഡിതനുമായിരുന്നു. എളിമയെ ഉള്‍ക്കൊള്ളുന്നതിനൊപ്പം തന്റെ ജോലിയിലും അധ്യാപനത്തിലും സമര്‍പ്പിതനായ വ്യക്തി.

അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ ഇന്നീ നിമിഷം വരെ മനസുകൊണ്ട് അംഗീകരിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഫലസ്തീനിലുണ്ട്.

രസതന്ത്രത്തിലെ സൂത്രവാക്യങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കാനോ ഒരു പ്രബന്ധം വിലയിരുത്താനോ ഒരു കോണ്‍ഫറന്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്യാനോ എന്നുവേണ്ട, തങ്ങളുടെ എന്തുകാര്യത്തിലും ഒരു വിളിപ്പാടകലെ ഇന്നും അദ്ദേഹമുണ്ടെന്ന് വിശ്വസിക്കാനാണ് അവര്‍ക്ക് ഇഷ്ടം.

1971 ഓഗസ്റ്റ് 20ന് ഗസ നഗരത്തിന് വടക്കുള്ള ജബാലിയ ക്യാമ്പിലാണ് സൂഫിയാന്‍ അബ്ദുള്‍ റഹ്‌മാന്‍ തായെ ജനിച്ചത്. ക്യാമ്പില്‍ ചിലവഴിച്ച ബാല്യകാലം. അവിടത്തെ സ്‌കൂളുകളില്‍ പഠിച്ചു. 1993 ല്‍ ലിബിയയിലെ ഗാരിയൂണിസ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി.

പഠന ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഗസയിലെ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ അധ്യാപക സഹായിയായി ജോലി ആരംഭിച്ചു. 1998 ല്‍ അവിടെ തന്നെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം 2007ല്‍ ഈജിപ്തിലെ ഐന്‍ ഷാംസ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

ഡോ. സൂഫിയാന്റെ അക്കാദമിക് യോഗ്യതകളും ഗവേഷണ വൈദഗ്ധ്യവും അസാധാരണമായ നേതൃത്വ ഗുണവും അദ്ദേഹത്തെ എളുപ്പത്തില്‍ വിദ്യാര്‍ത്ഥികളുമായി അടുപ്പിച്ചു.

ഗസ മുനമ്പില്‍ ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാന്‍ കഴിയാത്തതും കാരണം സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇക്കാലത്ത് ഭൗതികശാസ്ത്ര വിഭാഗം മേധാവിയില്‍ നിന്ന് അഡ്മിഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ ഡീന്‍ ആയി അദ്ദേഹത്തിന് പ്രൊമോഷന്‍ ലഭിച്ചു.

വിദ്യാര്‍ത്ഥികളോട് അങ്ങേയറ്റം ബഹുമാനം സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ വളരെ സുതാര്യതയോടെ അദ്ദേഹം തന്റെ ഉത്തരവാദിത്തങ്ങളെ സമീപിച്ചു. പിന്നീട് അക്കാദമിക് കാര്യങ്ങളുടെ വൈസ് ഡീന്‍ ആയി. ഒടുവില്‍ സര്‍വകലാശാലയുടെ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹമെത്തി.

2023 ജൂലൈയില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ച ദിവസം വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഫലസ്തീന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലും വലിയ ആഘോഷങ്ങള്‍ നടന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

അദ്ദേഹത്തോടുള്ള ആഴത്തിലുള്ള ബന്ധം കൊണ്ട് മാത്രമായിരുന്നില്ല ആ സന്തോഷപ്രകടനങ്ങള്‍, മറിച്ച് അത്തരമൊരു അഭിമാനകരമായ സ്ഥാനത്തിന് അദ്ദേഹം അനുയോജ്യനാണെന്ന അവരുടെ ഉറച്ച ബോധ്യത്തിന്റെ കൂടി പ്രതിഫലനമായിരുന്നു അത്.

യൂണിവേഴ്‌സിറ്റിയിലെ ആദ്യ പഠന നാളുകളില്‍ പല വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ക്ക് ഒപ്പം നിന്ന ഡോ. സൂഫിയാനെ ഇന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മയുണ്ട്. അന്യായമായ ഉപരോധം മൂലമുണ്ടായ കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയില്‍ ശരിയായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചതും അവര്‍ക്ക് നിര്‍ദേശങ്ങളും പിന്തുണയും നല്‍കിയതും സൂഫിയാനായിരുന്നു.

അദ്ദേഹത്തിന്റെ നീതിയും സഹാനുഭൂതിയും എന്നും വിലമതിക്കപ്പെടുകയും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. പലരുടേയും കഷ്ടപ്പാട് അദ്ദേഹം മനസിലാക്കി. സാമ്പത്തിക പ്രതിസന്ധികാരണം രജിസ്‌ട്രേഷന്‍ നടപടികളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികളെ സഹായിച്ചു. എന്തുവിഷമമുണ്ടെങ്കിലും തന്നോട് പറയണമെന്ന് അവരോട് ആവശ്യപ്പെട്ടു.

എന്നും ശരിയുടെ പക്ഷത്ത് നിലകൊള്ളാനും സത്യസന്ധതയ്ക്ക് നേരെ കണ്ണടയ്ക്കാതിരിക്കാനും വിദ്യാര്‍ത്ഥികളെ ഉപദേശിച്ച അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. തെറ്റുകള്‍ ഒഴിവാക്കേണ്ടതിനെ കുറിച്ചും നീതിയുടെ പാതയിലേക്ക് മടങ്ങിവരേണ്ടതിനെ കുറിച്ചും അദ്ദേഹം ആവര്‍ത്തിച്ചു.

വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ്, സങ്കീര്‍ണ്ണമായ ആശയങ്ങള്‍ ലളിതമായ രീതിയില്‍ വിശദീകരിക്കാനുള്ള അസാധാരണ കഴിവ്, വിനയം ഇവയെല്ലാം ചേര്‍ന്ന ഒരു അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു പ്രൊഫ. സൂഫിയാന്‍.

ചര്‍ച്ചയ്ക്കും പഠനത്തിനും ഉതകുന്ന ഒരു അന്തരീക്ഷം അദ്ദേഹം സര്‍വകലാശാലയില്‍ സൃഷ്ടിച്ചു. ഏത് വിദ്യാര്‍ത്ഥിയ്ക്കും എളുപ്പം ആശ്രയിക്കാമയിരുന്ന ആളായിരുന്നു അദ്ദേഹം. ശാസ്ത്രീയമോ വ്യക്തിപരമോ ആയ കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും, ഡോ. സൂഫിയാന്റെ ഓഫീസ് വാതിലില്‍ മുട്ടാനും മാര്‍ഗ്ഗനിര്‍ദ്ദേശം തേടാനും തങ്ങള്‍ ഒരിക്കലും മടിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അദ്ദേഹം ഒരിക്കലും ഞങ്ങളെ നിരാശരാക്കിയില്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളോ അല്ലെങ്കില്‍ ഞങ്ങളുടെ ലക്ഷ്യത്തില്‍ തുടരാന്‍ പ്രചോദനകരമാകുന്ന വാക്കുകളോ പകര്‍ന്നായിരിക്കും അദ്ദേഹം ഞങ്ങളെ പറഞ്ഞുവിടുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിലും ശാസ്ത്രരംഗത്തുമുള്ള മുന്നേറ്റങ്ങളെല്ലാം ഏറെ സന്തോഷത്തോടെ കേള്‍ക്കാന്‍ ആഗ്രഹിച്ച അധ്യാപകനായിരുന്നു അദ്ദേഹം.

എല്ലാത്തിനുമുള്ള അംഗീകാരം ദൈവത്തില്‍ നിന്നാണെന്ന് വിശ്വസിച്ച വ്യക്തി. ആഗ്രഹിക്കുന്നതില്‍ നന്മയുണ്ടെങ്കില്‍, അത് ചോദിക്കാതെ തന്നെ നിങ്ങളിലേക്ക് വരുമെന്നും. ശാന്തത പാലിക്കുകയും സ്ഥിരോത്സാഹം കാണിക്കുകയും ചെയ്യണമെന്നും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു ഡോ. സൂഫിയാന്റെ കുടുംബത്തിലുള്ള മിക്കവരും. മകന്‍ ഒസാമ ഒരു ഡോക്ടറായിരുന്നു, മകള്‍ അസീല്‍ ഒരു ദന്തഡോക്ടറായിരുന്നു. മറ്റൊരു മകള്‍ ഇസ്ര മെഡിസിന്‍ പഠിക്കുകയായിരുന്നു. മറ്റൊരു മകന്‍ അബ്ദുള്‍ റഹ്‌മാന്‍ പത്താം ക്ലാസിലും മകള്‍ ലാന അഞ്ചാം ക്ലാസിലും. രസതന്ത്ര ബിരുദധാരിയായിരുന്നു ഭാര്യ.

യുവ അറബ് ശാസ്ത്രജ്ഞര്‍ക്കുള്ള അബ്ദുള്‍ ഹമീദ് ഷോമന്‍ പുരസ്‌കാരമുള്‍പ്പെടെ തന്റെ അക്കാദമിക് ജീവിതത്തിനിടയില്‍ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

എല്‍സെവിയറും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും നടത്തിയ പഠനത്തില്‍ ലോകമെമ്പാടുമുള്ള മികച്ച 2 ശതമാനം ഗവേഷകരില്‍ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.

2023-ല്‍ ഫലസ്തീനിലെ യുനെസ്‌കോ ചെയര്‍ ഫോര്‍ ഫിസിക്കല്‍, ആസ്‌ട്രോഫിസിക്കല്‍, സ്‌പേസ് സയന്‍സസിന്റെ പ്രൊഫസറായി ഡോ. സൂഫിയാന്‍ നിയമിതനായി. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ 285ലധികം ശാസ്ത്രീയ പ്രബന്ധങ്ങളാണ് അദ്ദേഹം എഴുതിയത്.

ദാരുണമായ കൊലപാതകത്തിന് മുമ്പ്, ഗസയ്ക്കെതിരെ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മാത്രം ഏഴ് പ്രബന്ധങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. 2023 ഒക്ടോബര്‍ 7ന് ഇസ്രഈല്‍ യുദ്ധം ആരംഭിച്ചപ്പോള്‍ വടക്കന്‍ ഗസയിലായിരുന്നു അദ്ദേഹം. ഗസയുടെ ശാസ്ത്രീയ, സാഹിത്യ, സാംസ്‌കാരിക, ചരിത്രങ്ങള്‍ ഇല്ലാതാക്കാനുള്ള ഇസ്രഈലിന്റെ ഉദ്ദേശ്യം നേരത്തെ തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു.

ഇസ്രഈല്‍ സൈന്യം ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ മാത്രമല്ല ലക്ഷ്യമിട്ടത്. കുട്ടികള്‍, പ്രായമായവര്‍, സ്ത്രീകള്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങി എല്ലാവരേയും ആക്രമിച്ചു.

ഗസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും അവരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ യൂണിവേഴ്‌സിറ്റിക്ക് നേരെ നടന്നു. ഒടുവില്‍ ഇസ്രഈല്‍ നടത്തിയ കരയാക്രമണങ്ങളില്‍ യൂണിവേഴ്‌സിറ്റി തകര്‍ന്നു.

മരണത്തിനു മുന്നില്‍ പോലും മാതൃരാജ്യത്തെ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്ന ഒരു ജനതയാണ് ഫലസ്തീനിലേത്. ഒരുകാലത്തും ഗസ വിട്ടുപോകുന്നതിനെ കുറിച്ച് സൂഫിയാന്‍ ആലോചിച്ചിരുന്നില്ല. ‘ഞാന്‍ എവിടേക്കാണ് പോകേണ്ടത്? എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് എങ്ങോട്ടാണ് രക്ഷപ്പെടേണ്ടതെന്ന ചോദ്യം അന്നും അദ്ദേഹം ചോദിച്ചു.

മരണത്തിനല്ലാതെ മറ്റൊന്നിനും തന്റെ മണ്ണില്‍ നിന്നും തന്നെ പറിച്ചുമാറ്റാനാവില്ലെന്ന് ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചിരുന്നു. പ്രിയപ്പെട്ടവരോടൊപ്പം ഗസയുടെ മണ്ണില്‍ അദ്ദേഹം അന്ത്യവിശ്രമം കൊണ്ടു.

രക്തസാക്ഷികളുടെ ജീവിതം രേഖപ്പെടുത്തുമ്പോള്‍, അവരുടെ ജീവന്‍ അപഹരിച്ചത് അധിനിവേശമാണെന്ന് നാം എപ്പോഴും ഓര്‍മ്മിക്കണം. അവരുടെ ജീവിതം മായ്ക്കപ്പെടൻ നമ്മള്‍ ഒരിക്കലും അനുവദിച്ചുകൂടാ…

Content Highlight: Dr. Sufyan Tayeh; Gaza’s teacher… scientist

സൈത്തൂണിന്റെ മക്കള്‍

ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി

ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി

ഭാഗം മൂന്ന്: ഡോ. ഹുസാം അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.