തിരുവനന്തപുരം: തുലാമഴ ശക്തമായ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് (ബുധന്‍) നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ് നിലവിലുള്ളത്.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്നാണ് മലപ്പുറം കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്നാണ് അറിയിപ്പ്.
അതേസമയം മലപ്പുറം ജില്ലയിലെ അവധി സ്‌കൂള്‍ ശാസ്ത്രമേളകള്‍ക്കും കലോത്സവങ്ങള്‍ക്കും മുന്‍ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കില്ല.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് പാലക്കാട് ജില്ലാ കളക്ടറുടെ അറിയിപ്പ്. റെസിഡന്‍ഷ്യല്‍ ഫെസിലിറ്റീസ് ഉള്ള സ്‌കൂളുകള്‍, കോളേജുകള്‍ നവോദയ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അങ്കണവാടികള്‍, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും അറിയിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 25/10/2025 വരെ മത്സ്യബന്ധനത്തിന് വിലക്കുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25/10/2025 വരെ കേരള-കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്ന സമുദ്രഭാഗങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും മഴ ശക്തമായി തുടരുകയാണ്.
Content Highlight: Red Alert; Educational institutions in 4 districts of the state will remain closed today