കാരക്കാസ്: യു.എസിനും വെനസ്വേലക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ച് ഖത്തര്‍. അമേരിക്കയ്ക്കും വെനസ്വേലക്കുമിടയില്‍ ആശയവിനിമയത്തിനായി ഖത്തര്‍ ഒരു ചാനല്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ് പറഞ്ഞു.
യു.എസ് തട്ടിക്കൊണ്ടുപോയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും പ്രഥമ വനിതാ സിലിയ ഫ്ലോറൻസും ആദ്യഘട്ടത്തില്‍ എവിടെയാണെന്ന് അറിയാന്‍ ഖത്തറിന്റെ സഹായമുണ്ടായെന്നും റോഡിഗ്രസ് അറിയിച്ചു. വെനസ്വേലന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വെനിസോളാന ഡി ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനര്‍ത്ഥമാണ് ഖത്തറിന്റെ ഇടപെടലെന്നും റോഡിഗ്രസ് പറഞ്ഞു. മഡുറോയെ തട്ടിക്കൊണ്ടുപോയ യു.എസ് നടപടിക്ക് പിന്നില്‍ സയണിസ്റ്റ് ഉദ്ദേശങ്ങളുണ്ടെന്നും റോഡിഗ്രസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
വെനസ്വേലയില്‍ ഉടനടി സമാധാനം പുനസ്ഥാപിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളുടെ കീഴില്‍ നിന്നുകൊണ്ട് ഇടപെടാന്‍ തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഖത്തറിന്റെ തീരുമാനം അറിയിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാരക്കാസില്‍ യു.എസ് ആക്രമണം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക-ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
കാരക്കാസിന് പുറമെ മിറാന്‍ഡ, അരഗ്വ, ലാ ഗ്വെയ്‌റ എന്നിവിടങ്ങളിലാണ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മഡുറോയെയും പങ്കാളിയെയും യു.എസ് ബന്ദിയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ കോടതിയില്‍ മഡുറോയെ ഹാജരാക്കി.
യു.എസ് തനിക്കെതിരെ ആരോപിച്ച എല്ലാ കുറ്റങ്ങളും മഡുറോ നിഷേധിച്ചിരുന്നു. അമേരിക്കയുടെ വാദങ്ങള്‍ തള്ളി നിരപരാധിയും മാന്യനുമാണെന്നും മഡുറോ പറഞ്ഞു.
യു.എസ് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും മഡുറോ കോടതിയില്‍ വാദിച്ചു. എന്നാല്‍ മഡുറോക്കെതിരായ ആരോപണങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.
യു.എസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച കാര്‍ട്ടല്‍ ഡി ലോസ് സോളസിന് മഡുറോ നേതൃത്വം നല്‍കിയിരുന്നതായാണ് ട്രംപിന്റെ പുതിയ ആരോപണം.
Content Highlight: Received Qatar’s help in finding Maduro’s whereabouts, and mediation was also assured: Delcy Rodriguez