കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. മമതയെ മാറ്റി മുതിര്‍ന്ന നേതാവ് അരൂപ് റോയിയെ തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് അവകാശപ്പെടുന്ന വിമത വിഭാഗത്തിന്റെ പുതിയ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു.

കൊല്‍ക്കത്തയിലെ ന്യൂ ടൗണിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പ്രത്യേക യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനര്‍ജിയാണ് ഈ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിമത വിഭാഗം രൂപീകരിച്ച പുതിയ സമിതിയില്‍ അരൂപ് റോയിയെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരായി മമതയുടെ വിശ്വസ്തനായിരുന്ന മുന്‍ കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിന്‍ ഘോഷ്, സബീന യാസ്മിന്‍ എന്നിവരെയും ജനറല്‍ സെക്രട്ടറിമാരായി ഋതബ്രത ബാനര്‍ജി, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹയെയും തെരഞ്ഞെടുത്തു.

അഖ്റുസ്സമാന്‍ അന്‍സാരിയാണ് ട്രഷറര്‍.

പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയെ വിമത വിഭാഗം സസ്പെന്‍ഡ് ചെയ്തു. മമത ബാനര്‍ജിക്ക് വേണമെങ്കില്‍ പാര്‍ട്ടിയുടെ ‘ചീഫ് അഡൈ്വസര്‍’ (മുഖ്യ ഉപദേശക) എന്ന അലങ്കാര പദവി ഏറ്റെടുക്കാമെന്ന് ഋതബ്രത ബാനര്‍ജി പരിഹസിച്ചു.

കൊല്‍ക്കത്തയില്‍ നടന്ന വിമതരുടെ യോഗവേദിയില്‍ മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നെങ്കിലും മമത ബാനര്‍ജിയുടെയോ അഭിഷേകിന്റെയോ ചിത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ പരാജയമാണ് നിലവിലെ ആഭ്യന്തര പ്രതിസന്ധിക്ക് പ്രധാന കാരണം.

പാര്‍ട്ടി ഭരണഘടന അനുസരിച്ച് മൂന്ന് വര്‍ഷം കൂടുമ്പോള്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ 2022 ഫെബ്രുവരിക്ക് ശേഷം ഇത് നടന്നിട്ടില്ലെന്ന് വിമതര്‍ ആരോപിക്കുന്നു. ഈ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നാണ് ഇവരുടെ അവകാശവാദം.

നിയമസഭയിലെ ആകെയുള്ള 80 ടി.എം.സി എം.എല്‍.എമാരില്‍ ഏകദേശം 65 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെടുന്നു.

പാര്‍ട്ടിയുടെ പാര്‍ലമെന്ററി തലത്തിലും വലിയ ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 28 ലോക്സഭാ എം.പിമാരില്‍ 20 പേരും ഇതിനകം തന്നെ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍.സി.പി.ഐ) ലയിക്കുകയും കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഈ പ്രത്യേക സമ്മേളനത്തിലെ തീരുമാനങ്ങളും ഭാരവാഹികളുടെ പട്ടികയും ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് വിമത വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഈ വന്‍ പിളര്‍പ്പിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നത്.

 

Content highlight: Rebel TMC Faction Challenges Mamata Banerjee’s Leadership