വിമതന് 636 വോട്ട്, അപരന് 44 വോട്ട്; തിരുവനന്തപുരത്ത് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി തോറ്റത് 58 വോട്ടിന്
Kerala
വിമതന് 636 വോട്ട്, അപരന് 44 വോട്ട്; തിരുവനന്തപുരത്ത് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി തോറ്റത് 58 വോട്ടിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 3:59 pm

പേട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം ഡിവിഷനിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സി. ഷാജിയുടെ തോല്‍വിയില്‍ വില്ലനായത് വിമതനും അപരനും. 58 വോട്ടിനാണ് ഷാജി പരാജയപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ആര്‍. സുഗതനാണ് ഷാജിയെ പരാജയപ്പെടുത്തിയത്.

എന്നാല്‍ ഈ ഡിവിഷനില്‍ മത്സരിച്ച സി.പി.ഐ.എമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ മോഹനന്‍ 636 വോട്ടുകള്‍ നേടിയിട്ടുണ്ട്. മാത്രമല്ല ഷാജിയുടെ അപരനായ പി. ഷാജി 44 വോട്ടും നേടി. ഇതോടെ വിമതന്റെയും അപരന്റേയും സ്ഥാനാര്‍ത്ഥിത്വം സി. ഷാജിയ്ക്ക് തിരിച്ചടിയായി.

1939 വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിജയം. സി.പി.ഐ.എമ്മിന് 1881 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി. സദാനന്ദന്‍ 1549 വോട്ടും നേടി.

അതേസമയം ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടായത്. 45 വര്‍ഷത്തെ ഇടതുഭരണം എന്‍.ഡി.എ അവസാനിപ്പിക്കുകയായിരുന്നു.

50 സീറ്റിലാണ് ബി.ജെ.പി ഭരണം നേടിയത്. എല്‍.ഡി.എഫ് 29 സീറ്റ് നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ യു.ഡി.എഫ് 19 ഇടത്ത് വിജയിച്ചു.

പാറ്റൂര്‍, പൗഡിക്കോണം വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്.

ജില്ലയിലെ 101 ഡിവിഷനിലേക്കാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. 1386 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളും 169 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 154 മുന്‍സിപ്പാലിറ്റി വാര്‍ഡുകളുമാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.

Content Highlight: Rebel got 636 votes; CPI(M) candidate lost by 58 votes in Thiruvananthapuram