ആ തോല്‍വിയുടെ കളങ്കം മായ്ക്കാന്‍ വേണ്ടിയാണ് ബ്രസീല്‍ മഞ്ഞ ജേഴ്‌സി അണിഞ്ഞുതുടങ്ങിയത്; ബ്രസീലിന്റെ എക്കോണിക് ജേഴ്‌സിയുടെ കഥ
2022 Qatar World Cup
ആ തോല്‍വിയുടെ കളങ്കം മായ്ക്കാന്‍ വേണ്ടിയാണ് ബ്രസീല്‍ മഞ്ഞ ജേഴ്‌സി അണിഞ്ഞുതുടങ്ങിയത്; ബ്രസീലിന്റെ എക്കോണിക് ജേഴ്‌സിയുടെ കഥ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th November 2022, 9:49 pm

ലോക ഫുട്‌ബോളില്‍ മാറ്റിവെക്കാന്‍ സാധിക്കാത്ത പേരാണ് ബ്രസീലിന്റേത്. ഇന്നോളം നടന്ന എല്ലാ ലോകകപ്പുകളും കളിച്ച ഒരേയൊരു ടീമുണ്ടെങ്കില്‍ അത് ബ്രസീല്‍ മാത്രമാണ്. സാംബാ താളത്തില്‍ ഗ്രൗണ്ടില്‍ വസന്തം വിരിയിക്കുന്ന കാനറികള്‍ എന്നും ഫുട്‌ബോളിനെ തന്നെ ഡിഫൈന്‍ ചെയ്തവരായിരുന്നു.

ലോകകപ്പില്‍ ഏറ്റവുമധികം കിരീടം നേടിയ ബ്രസീലിനെ സംബന്ധിച്ചടത്തോളം ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല, അത് ഓരോ ബ്രസീലിയനെ സംബന്ധിച്ചിടത്തോളവുംം വിശുദ്ധമായ ഒന്നാണ്. ഇരുകൈകളും വിടര്‍ത്തി അനുഗ്രഹിക്കുന്ന ക്രൈസ്റ്റ് ദി റിഡീമറിനെ സാക്ഷിയാക്കി ഇവര്‍ നേടിയ നേട്ടങ്ങളെല്ലാം മറ്റൊരു ടീമിന് പോലും പകര്‍ത്താന്‍ സാധിക്കാത്തതാണ്.

എണ്ണമറ്റ ലെജന്‍ഡറി താരങ്ങളെ ഫുട്‌ബോള്‍ ലോകത്തിന് സമ്മാനിച്ച ഇതിഹാസ രാജ്യമാണ് ബ്രസീല്‍. ടീമിന്റെ ഐക്കോണിക്കായ മഞ്ഞ ജേഴ്‌സിയണിഞ്ഞ് പെലെയും ഗാരിഞ്ചയും മുതല്‍ റോബര്‍ട്ടോ കാര്‍ലോസിനെയും കഫുവിനെയും റൊണാള്‍ഡോയും കടന്ന് ഇന്ന് നെയ്മറിലും വിനീഷ്യസ് ജൂനിയറിലും മാര്‍ട്ടിനെല്ലിയിലും എത്തി നില്‍ക്കുന്നതാണ് ബ്രസീലിന്റെ വിജയഗാഥ.

താരങ്ങള്‍ക്കൊപ്പം തന്നെ ടീമിനെ ഡിഫൈന്‍ ചെയ്യുന്ന പ്രധാന ഘടകമാണ് ബ്രസീലിന്റെ മഞ്ഞ ജേഴ്‌സി. ഈ ജേഴ്‌സി കാരണം ടീമിന് ലഭിച്ച വിളിപ്പേരുകളും അനവധിയാണ്.

എന്നാല്‍ ഒരു തോല്‍വിയാണ് ടീമിനെ ഈ ജേഴ്‌സിയിലേക്കെത്തിച്ചതെന്ന കഥ അധികമാര്‍ക്കും അറിയാത്തതാണ്. ഒരു കാലത്ത് വെളുപ്പും നീലയുമണിഞ്ഞ് പന്തുതട്ടിയ ബ്രസീല്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ലോകകപ്പിന്റെ ഫൈനലില്‍ തോല്‍ക്കേണ്ടി വന്നതിന്റെ കളങ്കം മറക്കാന്‍ വേണ്ടിയായിരുന്നു മഞ്ഞ ജേഴ്‌സിയിലേക്ക് മാറിയതെന്നാണ് പല ജേര്‍ണലുകളും വ്യക്തമാക്കുന്നത്.

1950 ലോകകപ്പ് ബ്രസീസില്‍ വെച്ചായിരുന്നു നടന്നത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ചാമ്പ്യന്‍മാരാവാനുള്ള എല്ലാ അവസരവും ബ്രസീലിനുണ്ടായിരുന്നു. ആ ലോകകപ്പിന്റെ ഫൈനലില്‍ വരെ അവര്‍ എത്തി.

എന്നാല്‍ ബ്രസീലിയന്‍ ആരാധകര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമായിരുന്നു ഫൈനലില്‍ സംഭവിച്ചത്. എതിരാളികളായ ഉറുഗ്വായ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രസീലിന്റെ കണ്ണീര്‍ വീഴിച്ചു, അതും സ്വന്തം മണ്ണില്‍, സ്വന്തം സ്റ്റേഡിയത്തില്‍.

ഈ തോല്‍വിയുടെ കളങ്കം മാറ്റാന്‍ ബ്രസീലിന്റെ ഐഡന്‍ഡിറ്റി തന്നെ തിരുത്താന്‍ ഫെഡറേഷനെ നിര്‍ബന്ധിതരായി.

ഒടുവില്‍ 1953ല്‍, അന്നോളം ധരിച്ചിരുന്ന ‘രാജ്യത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കാത്ത’ ജേഴ്‌സി മാറ്റാനായി ഫെഡറേഷന്‍ തയ്യാറായതായി ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിനാസ് ഗരായിസ് പബ്ലിഷ് ചെയ്ത ഒരു സയന്റിഫിക് ജേര്‍ണലില്‍ പറയുന്നു. 1930 മുതല്‍ അന്നുവരെ ബ്രസീല്‍ നീലയും വെള്ളയും നിറമുള്ള ജേഴ്‌സിയായിരുന്നു ധരിച്ചിരുന്നത്.

ബ്രസീലിന്റെ ജേഴ്‌സി എന്താകണമെന്ന് തീരുമാനിക്കാനുള്ള അവസരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കി. ഫെഡറേഷന്റെ നിര്‍ദേശ പ്രകാരം കോറിയോ ഡാ മാന്‍ഹ (Correio da Manha) എന്ന പത്രമായിരുന്നു ഈ മത്സരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ പതാകയുടെ നിറങ്ങളായ നീല, പച്ച, മഞ്ഞ എന്നിവ ഉപയോഗിക്കണമെന്നായിരുന്നു മത്സരത്തിന്റെ നിബന്ധന.

 

ഒടുവില്‍ മഞ്ഞ നിറത്തിലുള്ള ജേഴ്‌സിയെയാണ് വിജയിയായി തെരഞ്ഞെടുത്തത്. അന്നുമുതല്‍ ഇന്നുവരെ ആ മഞ്ഞ നിറം ബ്രസീലിനെ അടയാളപ്പെടുത്തുന്നതായി മാറി. ഈ ജേഴ്‌സി കാരണം തന്നെയാണ് ബ്രസീലിന് കാനറികള്‍ എന്ന വിളിപ്പേര് വന്നതെന്നത് മറ്റൊരു രസകരമായ വസ്തുത.

Content Highlight: Reason for Brazil team wear Yellow jersey