ലാലിഗയില്‍ വീണ്ടും ജയമില്ലാതെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഇന്ന് പുലര്‍ച്ചെ ലീഗില്‍ നടന്ന മത്സരത്തില്‍ ജിറോണയ്ക്ക് എതിരെയും ലോസ് ബ്ലാങ്കോസ് സമനില വഴങ്ങി. ഒരു ഗോള്‍ വീതം അടിച്ചാണ് ഇരുടീമുകളും പിരിഞ്ഞത്. അതോടെ ടൂര്‍ണമെന്റില്‍ മൂന്നാമത്തെ മത്സരമാണ് റയലിന് ജയിക്കാന്‍ സാധിക്കാതിരുന്നത്.
നേരത്തെ, എല്‍ക്കെയോടും റയോ വല്ലക്കാനോയോടുമാണ് റയല്‍ സമനിലയില്‍ കുരുങ്ങിയത്. വല്ലക്കാനോയോടുള്ള മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഒരു ഗോള്‍ പോലും അടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, എല്‍ക്കെയോട് രണ്ട് ഗോള്‍ അടിക്കുകയും അത്ര തന്നെ ഗോളുകള്‍ തന്നെ വഴങ്ങുകയും ചെയ്തു.
റയൽ മാഡ്രിഡ് ടീം Photo: Real Madrid C.F./X.com
ഇപ്പോള്‍ വീണ്ടും സമനില വഴങ്ങിയതോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരനാവുള്ള അവസരമാണ് ടീമിന് നഷ്ടമായത്. നിലവില്‍ വെള്ള കുപ്പായക്കാര്‍ ചിരവൈരികളായ ബാഴ്സലോണക്ക് പിറകില്‍ രണ്ടാമതാണ്. ഇപ്പോള്‍ ടീമിന് 33 പോയിന്റുണ്ട്. ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായി ഒരു പോയിന്റ് വ്യത്യാസമാണ് റയലിനുള്ളത്.
അതേസമയം, മത്സരത്തില്‍ റയല്‍ കടുത്ത പോരാട്ടമാണ് നടത്തിയത്. ഒന്നാം പകുതിയുടെ ഒട്ടുമിക്ക ഭാഗവും ഗോള്‍രഹിതമായി മുന്നേറി. 40ാം മിനിട്ടില്‍ കിലിയന്‍ എംബാപ്പെ പന്ത് വലയിലെത്തിച്ചു. എന്നാല്‍, വാര്‍ പരിശോധനയിലൂടെ താരം പന്തില്‍ കൈ കൊണ്ട് തൊട്ടുവെന്ന് തെളിഞ്ഞതിനാല്‍ ഗോള്‍ അസാധുവാക്കി.
അഞ്ച് മിനിട്ടുകള്‍ക്കകം റയല്‍ താരങ്ങളെ സാക്ഷിയാക്കി ജിറോണ ഗോള്‍ നേടി. അസദിന്‍ ഔനാഹിയാണ് ടീമിനെ മുന്നിലെത്തിച്ചത്.