സെമിയില്‍ ഫൈനലിനേക്കാള്‍ തീ പാറും; മാഡ്രിഡ് നാട്ടങ്കം, 'ചോര ചിന്താന്‍' മണിക്കൂറുകളുടെ കാത്തിരിപ്പ്
Sports News
സെമിയില്‍ ഫൈനലിനേക്കാള്‍ തീ പാറും; മാഡ്രിഡ് നാട്ടങ്കം, 'ചോര ചിന്താന്‍' മണിക്കൂറുകളുടെ കാത്തിരിപ്പ്
ആദര്‍ശ് എം.കെ.
Thursday, 8th January 2026, 1:46 pm

സൂപ്പര്‍ കോപ്പ ഡ എസ്പാന സെമി ഫൈനലില്‍ മാഡ്രിഡ് നാട്ടങ്കം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ മാഡ്രിഡിനെ നേരിടും.

ഫൈനലിനേക്കാള്‍ വീറും വാശിയും നിറഞ്ഞ സെമി ഫൈനല്‍ പോരാട്ടത്തിനാകും ഓരോ ഫുട്‌ബോള്‍ ആരാധകരും സാക്ഷ്യം വഹിക്കുക.

റയല്‍ മാഡ്രിഡ് | അത്‌ലറ്റിക്കോ മാഡ്രിഡ്

ഇതിന് മുമ്പ് ലാ ലിഗയിലാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. അഞ്ചിനെതിരെ രണ്ട് ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലോസ് ബ്ലാങ്കോസിനെ പരാജയപ്പെടുത്തിയത്.

അത്‌ലറ്റിക്കോ മാഡ്രിഡിനായി ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ സ്വന്തമാക്കി. റോബിന്‍ ലെ നോര്‍മാന്‍ഡ്, അലക്‌സാണ്ടര്‍ സോര്‍ലോത്, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവര്‍ അത്‌ലറ്റിക്കോയുടെ ശേഷിച്ച ഗോള്‍ നേടിയപ്പോള്‍ കിലിയന്‍ എംബാപ്പെയും ആര്‍ദ ഗുലാറുമാണ് റയലിനായി ഗോള്‍ നേടിയത്.

അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് വിജയിച്ചതെങ്കിലും മാഡ്രിഡ് നാട്ടങ്കത്തില്‍ റയലിനാണ് മുന്‍തൂക്കം. ഇരുവരും ആകെ 241 തവണ പരസ്പരമേറ്റുമുട്ടിയപ്പോള്‍ 123 തവണ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി. 60 തവണയാണ് അത്‌ലറ്റിക്കോ വിജയിച്ചത്. 58 മത്സരം സമനിലയിലും അവസാനിച്ചു.

അതേസമയം, സെമിയില്‍ വിജയിച്ചെത്തുന്ന ടീമിന് കരുത്തരായ ബാഴ്‌സലോണയെയാണ് ഫൈനലില്‍ നേരിടാനുള്ളത്. അത്‌ലറ്റിക്കോ ബില്‍ബാവോയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ തുടര്‍ച്ചയായ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിന് യോഗ്യത നേടുന്നത്.

കിരീടം നിലനിര്‍ത്താനുറച്ചാണ് ബാഴ്‌സ കളത്തിലിറങ്ങുന്നത്.

View this post on Instagram

A post shared by FC Barcelona (@fcbarcelona)

ആദ്യ സെമിയില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ റഫീന്യ ഇരട്ട ഗോള്‍ നേടി. ഫെറാന്‍ ടോറസ്, ഫെര്‍മിന്‍ ലോപസ്, റൂണി ബാര്‍ഡ്ജി എന്നിവരാണ് ബ്ലൂഗ്രാനയുടെ ശേഷിച്ച ഗോള്‍ നേടിയത്.

ജനുവരി 11നാണ് ഫൈനല്‍ മത്സരം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദി.

 

Content Highlight: Real Madrid will face Atletico Madrid in Spanish Super Cup Semi Final

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.