യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ രണ്ടാം പാദ മത്സരത്തിലും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ വിജയം.
മത്സരത്തില്‍ റയലിനായി വിനീഷ്യസ് ജൂനിയറാണ് വല കുലുക്കിയത്. താരം ഇരട്ട ഗോളടിച്ചാണ് ടീമിന് കരുത്തായത്. 22, 90+ 3 മിനിട്ടുകളിലായിരുന്നു ബ്രസീലിയന്‍ ഫോര്‍വേഡിന്റെ ഗോള്‍ നേട്ടം. മറുവശത്ത് സിറ്റിക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത് ഏര്‍ലിങ് ഹാളണ്ടാണ്. 41ാം മിനിട്ടിലായിരുന്നു താരം പന്ത് വലയിലെത്തിച്ചത്.
വിജയത്തോടെ റയല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 5-1 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ലോസ് ബ്ലാങ്കോസിന്റെ മുന്നേറ്റം. നേരത്തെ ആദ്യ പാദ മത്സരത്തിലും റയല്‍ ഇംഗ്ലീഷ് ക്ലബ്ബിനെ മുട്ടുകുത്തിച്ചിരുന്നു.
റയൽ മാഡ്രിഡ്. Photo: Real Madrid. C.F/x.com
സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ വിജയം. ക്യാപ്റ്റന്‍ ഫെഡറിക്കോ വാര്‍വെര്‍ദെയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു സിറ്റിയെ പരാജയപ്പെടുത്തിയത്. അതോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
ഈ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തോടെ മറ്റൊരു സീസണില്‍ കൂടി റയലിന് സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കാന്‍ സാധിച്ചു. കഴിഞ്ഞ അഞ്ച് സീസണില്‍ നാല് തവണയും ലോസ് ബ്ലാങ്കോസ് സിറ്റിക്ക് പുറത്തേക്കുള്ള വഴി കാണിച്ചിരുന്നു.
2022ലായിരുന്നു ഇതില്‍ ആദ്യത്തേത്. അന്ന് 6 – 5 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു റയല്‍ ജയിച്ചത്. അതോടെ സിറ്റിയ്ക്ക് പുറത്തേക്ക് പോകേണ്ടി വന്നു. അടുത്ത സീസണിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍, ഇത്തവണ സിറ്റി വിജയിച്ചു. 5 – 1 അഗ്രഗേറ്റ് സ്‌കോറിലായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ വിജയം. ആ വര്‍ഷം സിറ്റി കപ്പുയര്‍ത്തുകയും ചെയ്തു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടുന്ന റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും. Photo: uefa
പിന്നാലെ 2023 – 24 സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ സിറ്റിക്ക് വീണ്ടും റയലിന് മുന്നില്‍ വിറച്ചു. ഇരുപാദങ്ങളിലുമായി 4 – 4 എന്ന സമനിലയില്‍ അവസാനിച്ചപ്പോള്‍ മത്സരം പെനാല്‍റ്റിയിലേക്ക് കടന്നു. അതില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റയല്‍ ജയിച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.