ജന ഗണ മനയിലെ റിയല്‍ ലൈഫ് റഫറന്‍സുകള്‍ | Real Life References In Jana Gana Mana | FilmyVibes
അമൃത ടി. സുരേഷ്

 

കഴിഞ്ഞ ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയ ഒരു മലയാളം ചിത്രം, രണ്ട് മാസത്തിനിപ്പുറം ഒ.ടി.ടിയിലേക്ക് എത്തുമ്പോള്‍ രാജ്യതലത്തില്‍ തന്നെ ചര്‍ച്ചയിലേക്കുയരുകയാണ്. അതിന് കാരണം ആ സിനിമ അഡ്രസ് ചെയ്ത വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാണ്. സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ രാജ്യത്തുണ്ടായ അനീതികള്‍ ചെറിയ ഡയലോഗ് മുതല്‍ ദൈര്‍ഘ്യമുള്ള രംഗങ്ങളിലേക്ക് വരെ ആവിഷ്‌കരിച്ച ജന ഗണ മനയിലെ ചില റിയല്‍ ലൈഫ് റഫറന്‍സലുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലൂടെയാണ് ചിത്രത്തിലെ ആദ്യ റിയല്‍ ലൈഫ് റഫറന്‍സ് തുടങ്ങുന്നത്. പഠിപ്പിച്ച പ്രൊഫസറുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വസ്ത്രത്തിലൂടെ തിരിച്ചറിയാം എന്ന കോളേജ് ഭരണാധികാരിയുടെ പരാമര്‍ശം നാം മുമ്പ് കേട്ടിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലാണ്. പറഞ്ഞതാവട്ടെ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും.

മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ച സബ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ കൊല്ലപ്പെടുന്ന പ്രൊഫസര്‍. സഭയുടെ മരണത്തിലുള്ള പ്രതിഷേധത്തിനിടയില്‍ 2019ലെ പൗരത്വനിയമ പ്രക്ഷോഭത്തിന്റെ റഫറന്‍സാണ് വന്നത്. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ പൊലീസ് ആക്രമണത്തില്‍ തല്ലാന്‍ വരുന്ന പൊലീസിന് നേരെ വിന്‍സി അലോഷ്യസ് അവതരിപ്പിച്ച ഗൗരി കൈ ചൂണ്ടിയത്, പൗരത്വ നിയമ പ്രക്ഷോഭത്തിനിടയില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ ആയിഷ പൊലീസിന് നേരെ വിരല്‍ ചൂണ്ടിയ പ്രശസ്ത ചിത്രത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

ഇന്ത്യയില്‍ മുഴുവന്‍ ചര്‍ച്ചയായ കേസായിരുന്നു 2019ല്‍ ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം. ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയില്‍ വെച്ച് നടന്ന വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് അണപൊട്ടിയത്. സബ എന്ന കഥാപാത്രത്തിലൂടെയാണ് ഈ സംഭവം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ അറസ്റ്റ് ചെയ്ത നാല് പേരെ പൊലീസ്
വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊന്ന സംഭവമാണ് ചിത്രത്തിലെ അടുത്ത മെയ്ന്‍ പ്ലോട്ട്.

നാല് പേരെയും എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയ പൊലീസിന് അന്ന് വലിയ വരവേല്‍പ്പായിരുന്നു ലഭിച്ചത്. കേസിന്റെ അന്വേഷണ ചുമതലയുള്ള സൈബരാബാദ് മെട്രോപൊലീറ്റര്‍ പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാറിന് പുഷ്പവൃഷ്ടി നല്‍കിയാണ് അന്ന് സ്വീകരിച്ചത്. അതേസമയം പൊലീസിന്റെ ആക്ഷനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് അന്ന് തന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നു.

സബ കൊലക്കേസിലെ പ്രതികളേയും സുരാജ് അവതരിപ്പിച്ച എ.സി.പി സജന്‍ കുമാര്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലുള്ള ജാതിയുടെ രാഷ്ട്രീയം കൂടി ചിത്രം കാണിച്ചു തരുന്നുണ്ട്. ജന ഗണ മനയുടെ റിലീസിന് പിന്നാലെ തെലങ്കാന എന്‍കൗണ്ടര്‍ വ്യാജഏറ്റുമുട്ടലാണെന്ന് സുപ്രീം കോടതി കണ്ടെത്തിയത് മറ്റൊരു യാദൃശ്ചികത.

പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്റെ കോടതി വാദത്തിലെ രംഗങ്ങളിലാണ് ഏറ്റവും ശക്തമായ രാഷ്ട്രീയ പരാമര്‍ശങ്ങളുണ്ടായതും റിയല്‍ ലൈഫ് റഫറന്‍സുകളുണ്ടായതും. ഈ സമയത്ത് എം.എല്‍.എ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത സംഭവം അരവിന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എം.എല്‍എക്കെതിരെ നിയമപരമായി നീങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്.

ഇന്ത്യയില്‍ 2017ല്‍ ബി.ജെ.പി എം.എല്‍.എ ആയ കുല്‍ദീപ് സെംഗാറിനെതിരെ ഉയര്‍ന്ന ഉന്നാവോ പീഡന കേസ് തന്നെ ആയിരിക്കണം സിനിമ ഇവിടെ ഉദ്ദേശിക്കുന്നത്. പണവും സ്വാധീനവും അധികാരവും കയ്യിലുള്ള കുല്‍ദീപ് സിംഗ് സെംഗാര്‍ എന്ന എം.എല്‍.എക്കെതിരെ ഒരു 17കാരി നടത്തിയ നിയമപോരാട്ടം ഇന്ത്യയാകെയാണ് ശ്രദ്ധ നേടിയത്.

ജന ഗണ മനയില്‍ അരവിന്ദ് പറഞ്ഞ പെണ്‍കുട്ടിക്കും ഉന്നാവ് കേസിലെ ഇരക്കും സാമ്യങ്ങള്‍ നിരവധിയാണ്. ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇരുവരുടേയും ബന്ധുക്കള്‍ കേസ് നടത്തിപ്പിനിടയില്‍ കൊല്ലപ്പെടുന്നുണ്ട്. സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും പ്രതിസ്ഥാനത്ത് വന്നവര്‍ അധികാരത്തിലിരിക്കുന്നവരായിരുന്നു.

ഇതേ കോടതി വാദത്തിനിടയില്‍ വിദ്യ എന്ന വിദ്യാര്‍ത്ഥിനിയെ പറ്റിയും അരവിന്ദ് പറയുന്നുണ്ട്.
അധ്യാപകന്റെ അവഹേളനത്തിലും വിദ്യാഭ്യാസം തടസപ്പെടുന്നതിന്റേയും മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറിന് വിധേയരാവുന്ന ഇന്ത്യയിലെ നിരവധി വിദ്യാര്‍ത്ഥികളുടെ പ്രതീകമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനം സിനിമയില്‍ വ്യക്തമായി കടന്നുവരുന്നുണ്ട്.

വിദ്യയെ പോലെ രാജ്യത്താകമാനം ചര്‍ച്ചയാക്കപ്പെട്ട ആത്മഹത്യകളാണ് 2016 ല്‍ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്തിരുന്ന രോഹിത് വെമുലയുടേതും ചെന്നൈ ഐ.ഐ.ടിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റേതും. രോഹിത് വെമുല തന്റെ ആത്മഹത്യ കുറിപ്പില്‍ കുറിച്ച മൈ ബെര്‍ത്ത് വാസ് മൈ മിസ്റ്റേക് എന്ന വരികളായിരുന്നു മരിക്കുന്നതിന് മുമ്പ് വിദ്യയും കുറിച്ചത്.

ചിത്രത്തിന്റെ അവസാനമാണ് പൃഥ്വിരാജിന്റെ കഥാപാത്രം തന്നെ ഒരു റിയല്‍ ലൈഫ് റഫറന്‍സാണെന്ന് സൂചന പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ആദ്യഭാഗത്തിന്റെ പകുതിയില്‍ അഭിഭാഷകനായെത്തുന്ന എത്തുന്ന പൃഥ്വിരാജിന്റെ പൂര്‍വചരിത്രം സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്. മുമ്പ് ഐ.പി.എസ് ഓഫീസറായിരുന്ന അരവിന്ദ് സ്വാമിനാഥന്‍ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചതുകൊണ്ട് ജയിലില്‍ പോകേണ്ടി വന്ന വ്യക്തിയാണ്.

ഇതിന് ഗുജറാത്ത് ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഔദ്യോഗിക ജീവിതവുമായി ചില സാമ്യങ്ങളുണ്ട്. ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് സഞ്ജീവ് ഭട്ടിപ്പോള്‍. ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെ ബി.ജെ.പി വേട്ടയാടാന്‍ തുടങ്ങിയത്.

2015 ല്‍ സഞ്ജീവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും പിന്നീട് 1990ലെ ഒരു കേസുമായി ബന്ധപ്പെടുത്തി 2018ല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സിനിമയിലും അരവിന്ദ് സ്വാമിനാഥന്‍ ഐ.പി.എസ് ഒരു കലാപവുമായി ബന്ധപ്പെട്ട് കാവിക്കൊടിയുള്ള പാര്‍ട്ടിയുമായി നേര്‍ക്ക് നേര്‍ വരുകയും പിന്നീട് മന്ത്രിയാവുന്ന പാര്‍ട്ടി നേതാവിനെ തല്ലുകയും ചെയ്യുന്നുണ്ട്. അരവിന്ദിന്റെ ഔദ്യോഗിക ജീവിതവും അറസ്റ്റുമെല്ലാം സഞ്ജീവ് ഭട്ടിനോട് ഏറെ അടുത്ത് നില്‍ക്കുന്നതാണ്.

ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതീയ ആക്രമണങ്ങള്‍ മുതല്‍ കേരളത്തില്‍ ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം കൊല ചെയ്തത് വരെ, കോടികള്‍ ചെലവഴിച്ചുള്ള പ്രതിമ നിര്‍മാണം മുതല്‍ മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തുന്നത് വരെ ജന ഗണ മനയില്‍ പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പല അനീതികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്നത് കൊണ്ട് തന്നെയാണ് ജന ഗണ മനക്ക് പ്രാധാന്യമേറുന്നത്.

Content Highlight: Real life references and incidents portrayed in the movie Jana Gana Mana

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.