ഭരണകൂടം കൂട്ട് നിന്ന ബലാത്സംഗങ്ങള്‍; ജന ഗണ മനയിലെ കുല്‍ദീപ് സെംഗാര്‍
Film News
ഭരണകൂടം കൂട്ട് നിന്ന ബലാത്സംഗങ്ങള്‍; ജന ഗണ മനയിലെ കുല്‍ദീപ് സെംഗാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th June 2022, 8:59 pm

റിലീസിന് മുമ്പേ തന്നെ ചര്‍ച്ചയായ സിനിമയാണ് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന. ചിത്രത്തിന്റെ ടീസറിലും ട്രെയ്ലറിലും പറഞ്ഞ രാഷ്ട്രീയ പരാമര്‍ശങ്ങളായിരുന്നു ഇതിന് കാരണം.

ഏപ്രില്‍ 28ന് റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന് വീണ്ടും പുതിയ മാനങ്ങള്‍ വന്നു. മെയ് ഒന്നിന് ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ജന ഗണ മനക്ക് രാജ്യമെമ്പാട് നിന്നും കയ്യടികള്‍ ഉയരുകയാണ്.

**********************spoiler alert**************

ചിത്രത്തിന്റെ കഥാഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ് രണ്ടാം പകുതിയിലെ കോടതി ദൃശ്യങ്ങള്‍. ഒരേ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നിനെതിരെ മാത്രം പ്രതിഷേധമുയരുന്നതിനെതിരെ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്‍ ചോദിക്കുന്ന ചോദ്യങ്ങളോടെ അതു വരെ കഥക്കുണ്ടായിരുന്ന മൂഡാകെ മാറി മറിയുകയാണ്.

കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ എം.എല്‍.എയാല്‍ പീഡിപ്പിക്കപ്പെട്ടതിന് ശേഷം കൊലചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ സംഭവം അരവിന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എം.എല്‍.എക്കെതിരെ നിയമപരമായി നീങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്.

ഇന്ത്യയിലും സമാനമായ ഒരു സംഭവം 2017 ല്‍ നടന്നിരുന്നു. പണവും സ്വാധീനവും അധികാരവും കൈയ്യിലുള്ള കുല്‍ദീപ് സിംഗ് സെംഗാര്‍ എന്ന എം.എല്‍.എക്കെതിരെ ഒരു 17കാരി നടത്തിയ നിയമപോരാട്ടം ഇന്ത്യയാകെ ശ്രദ്ധ നേടിയിരുന്നു.

ജന ഗണ മനയില്‍ അരവിന്ദ് പറഞ്ഞ പെണ്‍കുട്ടിക്കും ഉന്നാവ് കേസിലെ ഇരക്കും സാമ്യങ്ങള്‍ നിരവധിയാണ്. ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇരുവരുടേയും ബന്ധുക്കള്‍ കേസ് നടത്തിപ്പിനിടയില്‍ കൊല്ലപ്പെടുന്നുണ്ട്. സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും പ്രതിസ്ഥാനത്ത് വന്നവര്‍ അധികാരത്തിലിരിക്കുന്നവരായിരുന്നു.

2017 ജൂണ്‍ 4നാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരി, ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാര്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചത്. ജോലിക്കായി എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ദിവസങ്ങളോളം കുല്‍ദീപും സഹോദരന്‍ അതുലും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

അവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആറിട്ടില്ല. തുടര്‍ന്നുള്ള ഒരു വര്‍ഷം പെണ്‍കുട്ടി നീതിക്കായി കോടതികള്‍ കയറിയിറങ്ങി.

ഇതിനിടക്ക് പെണ്‍കുട്ടിയുടെ അച്ഛനെ എം.എല്‍.എയുടെ സഹോദരനും ഗുണ്ടകളും പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മര്‍ദിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ അവഗണിച്ചുകൊണ്ട് അവശനിലയിലുള്ള അച്ഛനെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എം.എല്‍.എയുടെ സഹോദരന്റെ പരാതിപ്രകാരം, പെണ്‍കുട്ടിയുടെ അച്ഛനെതിരെ ആംഡ് ആക്റ്റ് പ്രകാരം ആക്രമണം നടത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്.

ഇതിന് പിന്നാലെ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് രാജ്യശ്രദ്ധയിലേക്ക് ഈ സംഭവം കടക്കുന്നത്. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പിറ്റെദിവസം മര്‍ദനത്തിലേറ്റ പരിക്കുകള്‍ മൂര്‍ച്ഛിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിലില്‍ കഴിയവേ മരണപ്പെട്ടു. ഇതിന് ശേഷവും പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിലുള്ള നിരവധി പൊലീസ് കേസുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സ്വഭാവഹത്യ നടത്താനാണ് എം.എല്‍.എയോടൊപ്പമുള്ളവര്‍ ശ്രമിച്ചത്.

പ്രതിഷേധങ്ങളെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ കുല്‍ദീപ് സെംഗാര്‍ കുറ്റക്കാരനാണ് എന്ന് തെളിയിക്കപ്പെട്ടു. അതോടെ അലഹബാദ് ഹൈക്കോടതി എം.എല്‍.എയെ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. ജൂലൈ 11ന് എം.എല്‍.എയെ പ്രതി ചേര്‍ത്തുകൊണ്ട് സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.

എം.എല്‍.എ, സഹോദരന്‍ അതുല്‍, മൂന്നു പൊലീസുകാര്‍, മറ്റ് അഞ്ചുപേര്‍ എന്നിവരെ പ്രതിചേര്‍ത്ത് പെണ്‍കുട്ടിയുടെ അച്ഛനെതിരെ കള്ളക്കേസ് ചമച്ചതിന് രണ്ടാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. ഇതിനിടക്ക് യൂനുസ് എന്നുപേരായ ഒരു മുഖ്യ സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ആരോ വിഷം കൊടുത്തു കൊന്നതാണ് എന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നു.

2018 നവംബര്‍ 21ന് പതിനെട്ടു വര്‍ഷം പഴക്കമുളള ഒരു വെടിവെപ്പുകേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നാലെ തന്നെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തി എന്നാരോപിച്ച് പൊലീസ് പെണ്‍കുട്ടിയുടെയും അമ്മയുടെയും അമ്മാവന്റെയും പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

2019 ജൂലൈ 28ന് റായ്ബറേലി ജയിലില്‍ കിടക്കുന്ന അമ്മാവനെ കാണാന്‍ പോകും വഴി പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാറ് അപകടത്തില്‍ പെട്ടു. കാറിലേക്ക് ഒരു ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. പെണ്‍കുട്ടിയുടെ രണ്ടു ചെറിയമ്മമാര്‍ ഈ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും അതീവഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ വെന്റിലേറ്ററലായി.

പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള മനഃപൂര്‍വമായ ഒരു ശ്രമമായിരുന്നു ഇതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഒരു ഗണ്‍മാന്‍, രണ്ടു വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ ഈ യാത്രയില്‍ ഇവരോടൊപ്പം ഉണ്ടായിരുന്നില്ല. സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അതിജീവിച്ച പെണ്‍കുട്ടി എഴുതിയ കത്ത് പ്രകാരം കേസുകളുടെ വിചാരണ ദല്‍ഹിയിലേക്ക് മാറ്റി.

2019 ഡിസംബര്‍ 20ന് കുല്‍ദീപ് സിംഗ് സെംഗാറിന് തീസ്ഹസാരിയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. 25 ലക്ഷം രൂപ സെംഗാറിന് പിഴ വിധിച്ച കോടതി ഇതില്‍ 10 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിട്ടു.

ജീവപര്യന്തം എന്നാല്‍ ജീവതാവസാനം വരെയായിരിക്കും എന്നാണ് വിചാരണ കോടതിവ്യക്തമാക്കിയത്. സി.ബി.ഐ ഇരയ്ക്കും കുടുംബത്തിനും സുരക്ഷിതമായ താമസം ഒരുക്കണം. ഓരോ മൂന്നുമാസവും സുരക്ഷ വിലയിരുത്തണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

Content Highlight: There are many similarities between the victim mentioned by Aravind swaminadhan in jana gana mana and the victim in the Unnao case