നോര്‍ത്തില്‍ നിരോധിക്കാതിരുന്നാല്‍ മതി, മസ്റ്റ് വാച്ച് മാസ്റ്റര്‍ പീസ്; തമിഴിലും തെലുങ്കിലും തരംഗമായി ജന ഗണ മന
Film News
നോര്‍ത്തില്‍ നിരോധിക്കാതിരുന്നാല്‍ മതി, മസ്റ്റ് വാച്ച് മാസ്റ്റര്‍ പീസ്; തമിഴിലും തെലുങ്കിലും തരംഗമായി ജന ഗണ മന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th June 2022, 5:28 pm

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ജന ഗണ മന ഒ.ടി.ടി റിലീസിന് പിന്നാലെ രാജ്യതലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ചിത്രത്തിലെ രാഷ്ട്രീയ വിഷയങ്ങള്‍ തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ ചിത്രം അഡ്രസ് ചെയ്തിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് റിലീസിന് പിന്നാലെ രാജ്യതലത്തില്‍ പ്രശംസ ലഭിക്കുകയാണ് ജന ഗണ മനക്ക്. സോഷ്യല്‍ മീഡിയകളില്‍ തമിഴ്, തെലുങ്ക് ഐഡികളില്‍ നിന്നും പ്രശംസയുടെ പ്രവാഹമാണ്. ജന ഗണ മന മസ്റ്റ് വാച്ച് മാസ്റ്റര്‍ പീസാണെന്നും ഇന്ത്യന്‍ വ്യവസ്ഥയിലേക്കുള്ള പ്രഹരമാണെന്നും പ്രേക്ഷകര്‍ പറയുന്നു.

ഫസ്റ്റ് ഹാഫില്‍ സുരാജ് വെഞ്ഞാറമൂട് ഗംഭീരമാക്കിയെന്നും സെക്കന്റ് ഹാഫില്‍ പൃഥ്വിരാജിന്റെ ടെറിഫിക് പെര്‍ഫോമന്‍സാണെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. കാസ്റ്റിങ്ങും ബി.ജി.എമ്മും ഡയലോഗുകളുമെല്ലാം ഷാര്‍പ്പായിരുന്നുവെന്നും ട്വിറ്ററില്‍ പ്രേക്ഷകര്‍ പറയുന്നു.

ചിത്രത്തിലെ കോടതി രംഗങ്ങളാണ് ഏറ്റവുമധികം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പൃഥ്വിരാജ് ഷോ മുഴുവന്‍ അടിച്ചു മാറ്റിയെന്നും ചിലര്‍ കുറിച്ചു.

‘ഈ സിനിമ ടാക്‌സ് ഫ്രീ ആക്കണമെന്നാണ് ചിലര്‍ പറയുന്നത്. ടാക്‌സ് ഫ്രീ ആക്കുന്നത് പോട്ടെ, നോര്‍ത്ത് ഇന്ത്യയില്‍ സിനിമ നിരോധിക്കുമോയെന്നാണ് പേടി,’ എന്നാണ് ട്വിറ്ററില്‍ വന്ന ഒരു രസകരമായ കമന്റ്. പ്രോപ്പഗണ്ട സിനിമകള്‍ ഇറങ്ങുന്ന ഇക്കാലത്ത് ഇതുപോലെ സമകാലിക പ്രശ്‌നങ്ങളില്‍ പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്ന സിനിമകള്‍ വരട്ടെയെന്നും നെറ്റിസണ്‍സ് പറയുന്നു.

മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് അര്‍ധരാത്രിക്കു ശേഷമാണ് നെറ്റ്ഫ്‌ളിക്‌സ് ചിത്രം റിലീസ് ചെയ്തത്.

ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ 2018ല്‍ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Jana Gana Mana became a discuddion in national level