ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ചിത്രം വിഷു റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. വാസ്‌കോ ഡ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ആദ്യാവസാനം പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്ത ചിത്രത്തിന് ആരാധകരേറെയാണ്.
തലയും ഗ്യാങ്ങും വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് ഒരിക്കല്‍ കൂടി വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചനകള്‍ നല്‍കിയിരുന്നു. മെയ് 21 മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചായിരിക്കും ചിത്രം തിയേറ്ററുകള്‍ എത്തുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചോട്ടാ മുംബൈയുടെ റീ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ നിര്‍മാതാവ് മണിയന്‍പിള്ള രാജു സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം തിയേറ്ററുകള്‍ നിറഞ്ഞോടുന്ന സാഹചര്യത്തിലാണ് ചോട്ടാ മുംബൈയുടെ റിലീസ് തിയതി മാറ്റുന്നതെന്നാണ് മണിയന്‍പിള്ള രാജു തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ജൂണിലായിരിക്കും ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുക.
