ഡബ്ല്യൂ.പി.എല്‍ നാലാം എഡിഷനിലെ ആദ്യം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ബെംഗളൂരു നിലവില്‍ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ആര്‍.സി.ബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് നേടിയിട്ടുണ്ട്.
നേരത്തെ മുംബൈയുടെ ഇന്നിങ്‌സില്‍ ഓപ്പണിങ് ഓവര്‍ എറിഞ്ഞ ലൗറേന്‍ ബെല്ലിന്റെ സ്‌പെല്ലാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അരങ്ങേറ്റം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ മിന്നും ബൗളിങ്ങാണ് താരം പുറത്തെടുത്തത്. നാല് ഓവര്‍ എറിഞ്ഞ താരം വെറും 14 റണ്‍സാണ് വിട്ടുകൊടുത്തത്. 3.50 എക്കോണമിയില്‍ പന്തെറിഞ്ഞ താരം ഒരു വിക്കറ്റും വീഴ്ത്തി.
ലൗറേൻ ബെൽ . Photo: Women’s Premier League (WPL)/x.com
മത്സരത്തില്‍ ആദ്യ ഓവര്‍ എറിഞ്ഞ ലൗറേന്‍ തന്റെ ആദ്യ ഓവര്‍ തന്നെ മൈഡനാക്കി. അടുത്ത ഓവര്‍ എറിയാനെത്തിയപ്പോള്‍ താരം വിട്ടു നല്‍കിയതാകട്ടെ ഒരു റണ്‍സും. എന്നാല്‍ തന്റെ മൂന്നാം ഓവറില്‍ താരം ഒരു വൈഡും ഫോറുമടക്കം അഞ്ച് റണ്‍സ് വിട്ടുനല്‍കി. പക്ഷേ അവസാന പന്തില്‍ മുംബൈ ഓപ്പണര്‍ അമേലിയ കെറിനെ മടക്കി.
തന്റെ അവസാന ഓവറിലും ലൗറേന്‍ മികവ് കാണിച്ചു. ഈ ഓവറില്‍ താരത്തിന് ഒരു ഫോറും രണ്ട് വൈഡും വഴങ്ങേണ്ടി വന്നു. പക്ഷേ, ഓവറിലെ നാല് പന്തുകളില്‍ താരം ഒരു റണ്‍സ് പോലും വിട്ടുനല്‍കിയില്ല. ഇംഗ്ലണ്ട് താരത്തിന്റെ സ്‌പെല്ലില്‍ 18 ഡോട്ട് ബോളുകളാണ് ഉണ്ടായിരുന്നത്.
അതേസമയം, മത്സരത്തില്‍ മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിനായി ക്രീസിലുള്ളത് ദയലന്‍ ഹേമലതയും റിച്ച ഘോഷുമാണ്. ഹേമലത അഞ്ച് പന്തില്‍ രണ്ട് റണ്‍സും റിച്ച റണ്ണൊന്നും നേടാതെയുമാണ് ബാറ്റിങ് തുടരുന്നത്.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റിന് 154 റണ്‍സെടുത്തിരുന്നു. ടീമിനായി സജ്‌ന സജീവന്‍ 25 പന്തില്‍ 45 റണ്‍സ് നേടി ടോപ് സ്‌കോററായി. ഒപ്പം നിക്കോള കാരി (29 പന്തില്‍ 40), ജി. കമാലിനി (28 പന്തില്‍ 32) എന്നിവരും സംഭാവന ചെയ്തു.