കെ.പി.സി.സി സെക്രട്ടറി ചെയര്‍മാനായ ഭരണസമിതി പിരിച്ചുവിട്ടു; ഇരിങ്ങാലക്കുട സഹകരണ ബാങ്കിനെതിരെ ആര്‍.ബി.ഐ
Kerala
കെ.പി.സി.സി സെക്രട്ടറി ചെയര്‍മാനായ ഭരണസമിതി പിരിച്ചുവിട്ടു; ഇരിങ്ങാലക്കുട സഹകരണ ബാങ്കിനെതിരെ ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 9:30 pm

തൃശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ വീണ്ടും നടപടിയെടുത്ത് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ).

ഭരണസമിതി പിരിച്ചുവിട്ടുകൊണ്ടാണ് ആര്‍.ബി.ഐയുടെ നടപടി. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ എം.പി. ജാക്‌സണ്‍ ചെയര്‍മാനായ സമിതിയാണ് നടപടി നേരിട്ടത്.

32 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് രാജ് എസ്. നായരാണ് ബാങ്കിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.

നേരത്തെ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക ഇടപാടുകള്‍ ആര്‍.ബി.ഐ മരവിപ്പിച്ചിരുന്നു. നിലവില്‍ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ നടപടി.

ജൂലൈയിലാണ് ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിനെതിരെ ആര്‍.ബി.ഐ ആദ്യമായി നടപടിയെടുത്തത്. ആറ് മാസത്തേക്ക് ബാങ്കിന്റെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കുകയായിരുന്നു. ഇക്കാലയളവില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ ബാങ്കിന് അനുമതിയുണ്ടായിരുന്നില്ല.

സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചത്. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ, 56 പ്രകാരമാണ് ആര്‍.ബി.ഐ നടപടിയെടുത്തത്. അഡ്വ. അനൂപ് ആന്റണി തെക്കേക്കരയുടെ പരാതിയിന്മേലാണ് ആര്‍.ബി.ഐ ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചത്.

തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബാങ്കിങ് മേഖലയില്‍ ഒരു പ്രാവീണ്യവും ഇല്ലാത്ത ആളുകളെയാണ് ചെയര്‍മാന്‍ സ്റ്റാഫായി നിയമിച്ചതെന്നായിരുന്നു അനൂപ് ആന്റണിയുടെ ആരോപണം.

ബാങ്കിന്റെ അതിര്‍ത്തി വിട്ടും ചെയര്‍മാന്‍ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും ഇടനിലക്കാരായ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങിക്കൊണ്ട് ഇടപാടുകള്‍ നടത്തിയെന്നും അനൂപ് പ്രതികരിച്ചിരുന്നു.

Content Highlight: RBI takes further action against Irinjalakuda Town Cooperative Bank