'കറന്‍സി നോട്ടുകളില്‍ ഗാന്ധിക്ക് പകരം എ.പി.ജെ. അബ്ദുള്‍ കലാമും രബീന്ദ്രനാഥ് ടാഗോറും': റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍.ബി.ഐ
national news
'കറന്‍സി നോട്ടുകളില്‍ ഗാന്ധിക്ക് പകരം എ.പി.ജെ. അബ്ദുള്‍ കലാമും രബീന്ദ്രനാഥ് ടാഗോറും': റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2022, 3:52 pm

ന്യൂദല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ചിത്രം നോട്ടുകളില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ആര്‍.ബി.ഐക്ക് മുന്നില്‍ എത്തിയിട്ടുണ്ടെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളെയും റിസര്‍വ് ബാങ്ക് തള്ളി.

ആര്‍.ബി.ഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കറന്‍സി നോട്ടുകളില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കാന്‍ ആര്‍.ബി.ഐ ആലോചിക്കുന്നുണ്ട് എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതാണ് ഇപ്പോള്‍ ആര്‍.ബി.ഐ തന്നെ പൂര്‍ണമായും തള്ളിയിരിക്കുന്നത്.

ഗാന്ധിയുടെ ചിത്രത്തിന് പുറമെ ടാഗോറിന്റെയും കലാമിന്റെയും വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആര്‍.ബി.ഐ ആലോചിക്കുന്നുവെന്നും അതിന്റെ നടപടികളുമായി കേന്ദ്ര ധനമന്ത്രാലയവും ആര്‍.ബി.ഐയും മുന്നോട്ട് പോകുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതാണ് റിസര്‍വ് ബാങ്ക് നിഷേധിച്ചിരിക്കുന്നത്.

കറന്‍സി നോട്ടുകളില്‍ നിന്നും ഗാന്ധിയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ കൂടിയാണ് വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ആര്‍.ബി.ഐ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

കള്ളനോട്ടുകള്‍ തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളുടെ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സിയില്‍ വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര സമിതിയുടെ 2017ലെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് ടാഗോറിന്റേയും എ.പി.ജെ അബ്ദുള്‍ കാലാമിന്റേയും ചിത്രങ്ങള്‍ കൂടി ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്.

ഇവരുടെ അതിസുരക്ഷ വാട്ടര്‍മാര്‍ക്കുള്ള ചിത്രങ്ങളടങ്ങിയ കറന്‍സി ഡിസൈന്‍ തയ്യാറായിട്ടുണ്ട്. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഈ കറന്‍സി ഡിസൈനുകള്‍ സുരക്ഷാ പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു.

Content Highlight: RBI says no plan to include APJ Abdul Kalam and Rabindranath Tagore’s pictures in currency notes