തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വക്കീല്‍ നോട്ടീസയച്ച് വ്യവസായി ഡോ. രവി പിള്ള. ഏഴ് ദിവസത്തിനുളളില്‍ വീഡിയോ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസീല്‍ പരാമര്‍ശമുണ്ട്. നോട്ടീസ് പ്രകാരം ഷാജന്‍ സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള മറുനാടന്‍ മലയാളിയാണ് കേസില്‍ ഒന്നാം പ്രതി. ഷാജന്‍ സ്‌കറിയ രണ്ടാം പ്രതിയും കൊല്ലം സ്വദേശിയായ അനില്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്.
രവി പിള്ളയെ അപമാനിക്കുന്ന രീതിയില്‍ തലക്കെട്ട് നല്‍കി വസ്തുതാവിരുദ്ധമായ വീഡിയോ പബ്ലിഷ് ചെയ്തതിനെതിരെയാണ് നടപടി.
ഇതാദ്യമായല്ല ഷാജന്‌സ്‌കറിയക്കെതിരെ ഇത്തരത്തിലുള്ള കേസുകള്‍ വരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം എ.എച്ച്. ഹഫീസും സമാനമായ പരാതി ഉന്നയിച്ചിരുന്നു. തനിക്കെതിരെ ഷാജന്‍ സ്‌കറിയ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെ മുന്‍നിര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഹഫീസിന്റെ പരാതി.
അതിന് മുമ്പ് ശ്രീനിജന്‍ എം.എല്‍.ക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയത്തില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റിലായിരുന്നു.