പുത്തന്‍ റിലീസുകള്‍ കൊണ്ടും റീ റിലീസ് കൊണ്ടും 2025 മൊത്തമായി തൂക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങളും, പിന്നാലെ സാധാരണ ഫീല്‍ ഗുഡ് ചിത്രം വെച്ച് 60 കോടിയും കളക്ഷന്‍ നേടിയ മോഹന്‍ലാല്‍ റീ റിലീസ് കൊണ്ടും ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചു. കേരളത്തിലെ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയ ഛോട്ടാ മുംബൈ നാല് കോടിയോളം സ്വന്തമാക്കി.
എന്നാല്‍ ഛോട്ടാ മുംബൈ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങാന്‍ അടുത്ത റീ റിലീസുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. രഞ്ജിത് ആദ്യമായി സംവിധാനകുപ്പായമണിഞ്ഞ രാവണപ്രഭുവാണ് ഈ വര്‍ഷത്തെ അടുത്ത റീ റിലീസ്. ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലെത്തുമെന്ന് അറിയിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.
കഴിഞ്ഞദിവസം റീ റിലീസിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. കേരളത്തില്‍ 100ലധികം സ്‌ക്രീനുകളില്‍ കാര്‍ത്തികേയന്റെ വിശ്വരൂപം കാണാനാകും. ബുക്കിങ് ആരംഭിച്ച എല്ലാ സെന്ററുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ബുക്ക്‌മൈഷോയില്‍ മണിക്കൂറില്‍ 10000നടുത്ത് ടിക്കറ്റുകള്‍ വിറ്റുപോകുന്നുണ്ട്. ചിത്രം ബുക്ക്‌മൈഷോയുടെ ട്രെന്‍ഡിങ് ലിസ്റ്റിലും ഇടംപിടിച്ചു.
മോഹന്‍ലാലിന്റേതായി മുന്‍പ് വന്ന സിനിമകളെല്ലാം ബുക്ക്‌മൈഷോയുടെ ട്രെന്‍ഡിങ്ങില്‍ വന്നിട്ടുണ്ട്. ഇതോടെ റീ റിലീസ് ചെയ്ത എല്ലാ സിനിമകളും ട്രെന്‍ഡിങ്ങിലെത്തിച്ച ആദ്യ മലയാള താരമായി മോഹന്‍ലാല്‍ മാറിയിരിക്കുകയാണ്. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളെല്ലാം റീ റിലീസില്‍ മൂന്ന് കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്.
ഈ ലിസ്റ്റലേക്ക് രാവണപ്രഭുവും ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളിലെല്ലാം ചിത്രം ചാര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആദ്യാവസാനം ആഘോഷിക്കാനുള്ള രാവണപ്രഭു ഈ വര്‍ഷത്തെ അടുത്ത തിയേറ്റര്‍ ആഘോഷമാകുമെന്നാണ് കരുതുന്നത്.
റീ റിലീസിലും രാവണപ്രഭുവിന് പ്രീമിയര്‍ ഷോ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്തെ ഏറ്റവുമധികം സീറ്റുള്ള തിയേറ്ററായ കവിതയിലാണ് ചിത്രത്തിന്റെ പ്രീമിയര്‍. രാവിലെ 7.30നാണ് പല സ്‌ക്രീനുകളിലും ആദ്യ ഷോ ആരംഭിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠന്റെയും കാര്‍ത്തികേയന്റെയും അഴിഞ്ഞാട്ടം സ്‌ക്രീനില്‍ നടക്കുമ്പോള്‍ തിയേറ്ററുകളില്‍ കരിമേഘക്കെട്ടഴിയുമെന്ന് ഉറപ്പാണ്.
Content Highlight: Ravanaprabhu re release got place in Bookmyshow trending