മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ നടനാണ് മോഹന്‍ലാല്‍. തുടര്‍ച്ചയായി കേട്ട വിമര്‍ശനങ്ങള്‍ക്ക് പലിശ സഹിതം മറുപടി നല്‍കിയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍ തന്റെ സിംഹാസനം തിരിച്ചുപിടിച്ചത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 200 കോടി ക്ലബ്ബില്‍ കയറ്റി ചരിത്രം കുറിക്കാന്‍ മോഹന്‍ലാലിന് സാധിച്ചു.
റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈ തിയേറ്ററുകളെ ഒട്ടാകെ പൂരപ്പറമ്പാക്കി മാറ്റി. തലയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ വീണ്ടും തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. ഛോട്ടാ മുംബൈയുടെ ഓളം അടങ്ങുന്നതിന് മുമ്പ് മോഹന്‍ലാലിന്റെ അടുത്ത റീ റിലീസ് അടുത്തിടെ അറിയിച്ചിരുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രാവണപ്രഭുവാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. 4k സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ ആഘോഷമാക്കുമെന്ന് ഉറപ്പാണ്. ഇപ്പോിതാ രാവണപ്രഭുവിന്റെ റീ റിലീസ് തിയതി പുറത്തുവന്നിരിക്കുകയാണ്.
ഒക്ടോബര്‍ 10നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുക. ആരാധകര്‍ക്ക് ആദ്യാവസാനം ആഘോഷിച്ച് കാണാനുള്ള ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിന്റെ അഞ്ചാമത്തെ റീ റിലീസാണ് രാവണപ്രഭു. മുമ്പ് വന്ന നാല് റീ റിലീസുകള്‍ക്കും വമ്പന്‍ വരവേല്പായിരുന്നു ലഭിച്ചത്. സ്ഫടികമാണ് മലയാളത്തില്‍ ഇത്തരത്തില്‍ റീ റിലീസ് ട്രെന്‍ഡ് ആരംഭിച്ചത്.
ആദ്യ റിലീസില്‍ പ്രേക്ഷകര്‍ വേണ്ടത്ര പരിഗണന നല്‍കാത്ത ദേവദൂതനായിരുന്നു രണ്ടാമത്തെ റീ റിലീസ്. വന്‍ വിജയം നേടാന്‍ രണ്ടാം വരവില്‍ ദേവദൂതന് സാധിച്ചു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴിനും മികച്ച വരവേല്പ് ലഭിച്ചിരുന്നു. ഈ വര്‍ഷം റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈയും മികച്ച കളക്ഷന്‍ നേടി.