തന്റെ സ്റ്റാര്‍ഡം കൊണ്ട് ഏത് കാലത്തും തിയേറ്ററുകളില്‍ ആളെയെത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നടനാണ് മോഹന്‍ലാല്‍. ബോക്‌സ് ഓഫീസ് പവറിന്റെ പേരില്‍ കഴിഞ്ഞ കുറച്ചുകാലമായി വിമര്‍ശനങ്ങള്‍ കേട്ട മോഹന്‍ലാല്‍ അതിനെല്ലാം മറുപടി നല്കിയ വര്‍ഷമാണ് 2025. ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും മോഹന്‍ലാല്‍ തന്റെ പേരിലാക്കി.
മൂന്ന് പുതിയ റിലീസുകള്‍ കൊണ്ട് 500 കോടിക്കടുത്ത് കളക്ഷനാണ് മോഹന്‍ലാല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. റീ റിലീസുകള്‍ കൊണ്ടും മോഹന്‍ലാല്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. ആദ്യമെത്തിയ ഛോട്ടാ മുംബൈ അക്ഷരാര്‍ത്ഥത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ചു. പിന്നാലെയെത്തിയ രാവണപ്രഭുവും ആരാധകര്‍ ആഘോഷമാക്കി.
ആറ് ദിവസം കൊണ്ട് മൂന്ന് കോടിയോളമാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. ഇതോടെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളുടെ കളക്ഷന്‍ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനവും മോഹന്‍ലാല്‍ തന്റെ പേരിലാക്കി. ആദ്യ വരവില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞ ദേവദൂതനാണ് റീ റിലീസ് ചിത്രങ്ങളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയത്. 4.25 കോടിയാണ് ദേവദൂതന്റെ റീ റിലീസ് കളക്ഷന്‍.
രണ്ടാം സ്ഥാനത്ത് ഛോട്ടാ മുംബൈ (3.64 കോടി), മൂന്നാം സ്ഥാനത്ത് സ്ഫടികം (3.15 കോടി), നാലാം സ്ഥാനത്ത് മണിച്ചിത്രത്താഴ് (3.10 കോടി) എന്നിങ്ങനെയാണ് പട്ടിക. ഈ ലിസ്റ്റിലേക്കാണ് രാവണപ്രഭവിന്റെ റോയല്‍ എന്‍ട്രി. മമ്മൂട്ടിയുടെ നാല് ചിത്രങ്ങള്‍ റീ റിലീസ് ചെയ്‌തെങ്കിലും മോഹന്‍ലാല്‍ ഉണ്ടാക്കിയ ഓളം വീണ്ടും സൃഷ്ടിക്കാന്‍ ഒന്നിനുമായില്ല.
മോഹന്‍ലാലിന്റെ മറ്റ് സിനിമകള്‍ കൂടി റീ റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ഉസ്താദ് അധികം വൈകാതെ വീണ്ടും തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്‍ഡ്ട്രിയിലെ എല്ലാ താരങ്ങളും അണിനിരന്ന ട്വന്റി 20, അവസാന അഞ്ച് മിനിറ്റ് കൊണ്ട് സിനിമ മുഴുവന്‍ തന്റെ പേരിലാക്കിയ സമ്മര്‍ ഇന്‍ ബെത്‌ലെഹേം എന്നിവയും വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നുണ്ട്.
എന്നാല്‍ ഇതിന് പുറമെ വേറെയും ചില മോഹന്‍ലാല്‍ ചിത്രങ്ങള്‍ റീ റിലീസ് വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. നരന്‍, ദേവാസുരം,കിലുക്കം, നരസിംഹം എന്നീ ചിത്രങ്ങള്‍ കൂടി റീ റിലീസ് ചെയ്യണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. തലമുറകളുടെ വ്യത്യാസമില്ലാതെ ആരാധകരെ ആവേശത്തിലാക്കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്ന് 2025 അടിവരയിടുന്നുണ്ട്.
Content Highlight: Ravanaprabhu collected more than three crores within a week in Re Release