ശൈലജ ടീച്ചറെ അനുകരിച്ച ആവര്‍ത്തനയുടെ 'കുടിയന്‍ റാസ്പുടിന്‍' ഡാന്‍സ് വൈറല്‍; ശിഷ്യനാക്കാമോയെന്ന് ചോദിച്ച് സനൂപ് കുമാര്‍
Entertainment
ശൈലജ ടീച്ചറെ അനുകരിച്ച ആവര്‍ത്തനയുടെ 'കുടിയന്‍ റാസ്പുടിന്‍' ഡാന്‍സ് വൈറല്‍; ശിഷ്യനാക്കാമോയെന്ന് ചോദിച്ച് സനൂപ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd May 2021, 2:16 pm

മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെ അനുകരിച്ച് ശ്രദ്ധ നേടിയ ആവര്‍ത്തനയുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. റാസ്പുടിന്‍ പാട്ടിന്റെ കുടിയന്‍ വേര്‍ഷന്‍ ചെയ്ത സനൂപ് മോഹനെ അനുകരിച്ചുകൊണ്ടാണ് ആവര്‍ത്തന ഇപ്രാവശ്യം എത്തിയിരിക്കുന്നത്.

‘അങ്ങയുടെ ശിഷ്യയായി സ്വീകരിക്കാമോ’ എന്ന വാചകത്തോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സനൂപ് അവതരിപ്പിച്ചതുപോലെ തന്നെ ഇടറിയെന്ന തോന്നിക്കുന്ന തരത്തിലുള്ള സ്‌റ്റെപ്പുകളും ഭാവവുമെല്ലാം ആവര്‍ത്തന ഒപ്പിയെടുത്തിട്ടുണ്ട്.

ആവര്‍ത്തനയുടെ റാസ്പുടിന്‍ കുടിയന്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ആവര്‍ത്തനയുടെ ശിഷ്യനായി തന്നെ എടുക്കുമോയെന്നാണ് വീഡിയോക്ക് താഴെ സനൂപ് കുമാറിന്റെ കമന്റ്.

പാലക്കാട് സ്വദേശിയായ ആവര്‍ത്തന ശബരീഷ് ചിറ്റൂരിലെ യങ് വേള്‍ഡ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ആളുകളെ അനുകരിച്ചുകൊണ്ടുള്ള ആവര്‍ത്തനയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

കെ.കെ ശൈലജ നിയമസഭയില്‍ ‘പെണ്ണിനെന്താ കുഴപ്പം’ എന്ന് ചോദിച്ച് നടത്തിയ പ്രസംഗത്തോടെയാണ് ആവര്‍ത്തന ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആവര്‍ത്തനയെ അഭിനന്ദിച്ച് ശൈലജയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ റസാഖും ചേര്‍ന്ന് ചെയ്ത ഡാന്‍സ് വീഡിയോയിലൂടെയാണ് റാസ്പുടിന്‍ പാട്ട് കേരളത്തില്‍ വൈറലാകുന്നത്. ഇരുവര്‍ക്കുമെതിരെ വിദ്വേഷ പ്രചരണങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ എത്തിയതിന് പിന്നാലെ ജാനകിക്കും നവീനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേര്‍ റാസ്പുടിന് ചുവടുവെച്ചെത്തുകയായിരുന്നു.

റാസ്പുടിന്‍ ഡാന്‍സ്, ആവര്‍ത്തന, സനൂപ് കുമാര്‍, റാസ്പുടിന്‍ വൈറല്‍, ജാനകി, നവീന്‍, റാസ്പുടിന്‍ കുടിയന്‍ വേര്‍ഷന്‍ ആവര്‍ത്തനയുടെ വൈറല്‍ വീഡിയോ


Content Highlight: Rasputin Drunken Dance video Viral- Avarthana, Sanoop Kumar