നെഗറ്റീവുകള്‍ വന്നെങ്കിലും അത്തരത്തിലുള്ള കഥാപാത്രങ്ങളും സിനിമയുമാണ് എന്റെ യാത്രയെ എക്‌സൈറ്റിങ് ആക്കുന്നത്: രശ്മിക മന്ദാന
Entertainment
നെഗറ്റീവുകള്‍ വന്നെങ്കിലും അത്തരത്തിലുള്ള കഥാപാത്രങ്ങളും സിനിമയുമാണ് എന്റെ യാത്രയെ എക്‌സൈറ്റിങ് ആക്കുന്നത്: രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th February 2025, 8:03 am

തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് രശ്മിക മന്ദാന. താന്‍ ഒരു കഥ തെരഞ്ഞെടുക്കുമ്പോള്‍ തന്റെ മനസിനത് ശരിയാണെന്ന് തോന്നണമെന്നും തന്റെ പ്രേക്ഷകര്‍ അത്തരം സിനിമകള്‍ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നെല്ലാം ചിന്തിക്കുമെന്ന് രശ്മിക മന്ദാന പറയുന്നു.

തന്റെ സംവിധായകരെയും സഹ അഭിനേതാക്കളും പൂര്‍ണമായി വിശ്വസിക്കാറുണ്ടെന്നും അവരുടെ അറിവും ആത്മവിശ്വാസവും തന്റെ പെര്‍ഫോമെന്‍സിലും കാണാന്‍ കഴിയുമെന്നും രശ്മിക മന്ദാന പറഞ്ഞു.

അനിമല്‍ എന്ന സിനിമയില്‍ താന്‍ അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രം ഇത്തരത്തില്‍ തെരഞ്ഞെടുത്തതാണെന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് അതെന്നും അത്തരം കഥാപാത്രങ്ങളെ കിട്ടുന്നതാണ് തന്റെ യാത്രയെ ആവേശത്തിലാക്കുന്നതെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു. ഫെമിന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മിക മന്ദാന.

‘ഞാന്‍ ഒരു കഥ തെരഞ്ഞെടുക്കുമ്പോള്‍ എന്റെ മനസിനത് ശരിയാണെന്ന് തോന്നണം. പിന്നെ എന്റെ പ്രേക്ഷകര്‍ ഞാന്‍ ഈ ഘട്ടത്തില്‍ ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം വരും.

ഞാന്‍ നിരവധി സിനിമകളുടെ ഭാഗമാകുകയും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ ഞാന്‍ മുമ്പ് അവതരിപ്പിച്ചതില്‍ നിന്ന് ഈ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാണ് ഞാന്‍ ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്.

എന്റെ സംവിധായകര്‍ക്കും കൂടെ അഭിനയിക്കുന്നവര്‍ക്കും മുന്നില്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നത് ശരിക്കും സഹായിക്കുമെന്ന് മനസിലാക്കി. നമ്മള്‍ തന്നെ എല്ലാം കഥാപാത്രത്തിനായി ചെയ്യുമ്പോള്‍ അത് പൂര്‍ണമാകാത്തതുപോലെ തോന്നും. എന്നാല്‍ സംവിധായകനെയും സഹനടന്മാരെയും പൂര്‍ണമായി വിശ്വസിക്കുമ്പോള്‍, അവരുടെ അറിവും ആത്മവിശ്വാസവും നമ്മുടെ പെര്‍ഫോമെന്‍സിലും കാണാന്‍ കഴിയും.

അനിമല്‍ എന്ന സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഇക്കാര്യം ശരിക്കും മനസിലായി. ഗീതാഞ്ജലി വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. അനിമലിന്റെ സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയപ്പോള്‍ ഗീതാഞ്ജലിയുമായി ആഴത്തിലുള്ള ബന്ധം എനിക്ക് അനുഭവപ്പെട്ടു. നെഗറ്റീവുകള്‍ വന്നെങ്കിലും ഗീതാഞ്ജലിയെ പോലുള്ള അസാധാരണമായ വേഷങ്ങളാണ് എന്റെ യാത്രയെ ഇത്ര എക്‌സൈറ്റിങ് ആക്കുന്നത്,’ രശ്മിക മന്ദാന പറയുന്നു.

Content highlight: Rashmika Mandanna  talks about her selection of movies