കന്നട സിനിമയായ കിറുക്ക് പാര്‍ട്ടിയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് രശ്മിക മന്ദാന. കുറഞ്ഞ കാലംകൊണ്ടുതന്നെ ഇന്ത്യന്‍ സിനിമ ലോകത്തെ മുന്‍നിര നായികയായി വളരാന്‍ രശ്മികക്ക് കഴിഞ്ഞു. 2022ല്‍ പുറത്തിറങ്ങിയ ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും രശ്മിക ചുവടുവെച്ചു. ഇന്ന് ബോളിവുഡിലെയും നമ്പര്‍ വണ്‍ നായികയാണ് രശ്മിക മന്ദാന.
അഭിനയം തന്റെ പ്ലാനിന്റെ ഭാഗമല്ലായിരുന്നുവെന്നും അത് തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് രശ്മിക മന്ദാന പറയുന്നു. കുട്ടിയായ രശ്മിക ഒരിക്കലും വലുതാകുമ്പോള്‍ താനൊരു നടിയാകുമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ലെന്നും നടിയാകുന്നത് ഒരിക്കലും തന്റെ പ്ലാനിന്റെ ഭാഗമല്ലായിരുന്നുവെന്നും രശ്മിക പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മിക മന്ദാന.
‘സത്യം പറഞ്ഞാല്‍, എന്റെ കുട്ടികാലത്തെ ഞാന്‍, വലുതാകുമ്പോള്‍ നടിയാകുമെന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ല. കാരണം അത് ഒരിക്കലും എന്റെ പ്ലാനിന്റെ ഭാഗമല്ലായിരുന്നു. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടന്നതിന് ഞാന്‍ നന്ദിയുള്ളവളാണ്. കാരണം നടിയായത് എന്റെ ജീവിതത്തെ വളരെയധികം അര്‍ത്ഥമുള്ളതാക്കി.
കരിയറിനോടുള്ള എന്റെ കാഴ്ചപ്പാട് എപ്പോഴും ലളിതമാണ്. നിങ്ങളെയും നിങ്ങളുടെ ഹൃദയത്തെയും യഥാര്‍ത്ഥത്തില്‍ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഞാന്‍ പിന്തുടരുന്ന എല്ലാറ്റിന്റെയും അടിസ്ഥാനം അതാണ്. ചെറുപ്പക്കാര്‍ക്ക് മാത്രമല്ല, എന്തെങ്കിലും ചെയ്യാന്‍ പേടിക്കുന്നവര്‍ക്കോ നാട്ടുകാര്‍ എന്ത് പറയുമെന്ന് ഓര്‍ത്തിരിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നല്‍കുന്ന ഉപദേശം, ‘പുറത്തുകടക്കുക’ എന്നതാണ്.
നിങ്ങള്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ളത് ചെയ്യുക. കൂര്‍ഗ് പോലുള്ള ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ള എന്നെപ്പോലുള്ള ഒരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും. ആ അവസരം എടുക്കുക. അങ്ങനെയൊരു റിസ്‌ക്ക് എടുക്കുക,’ രശ്മിക മന്ദാന പറയുന്നു.