ആ മമ്മൂട്ടി ചിത്രം മറ്റൊരു തരത്തിൽ ചെയ്യാമായിരുന്നു എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്: രഞ്ജിത്ത് ശങ്കർ
Entertainment
ആ മമ്മൂട്ടി ചിത്രം മറ്റൊരു തരത്തിൽ ചെയ്യാമായിരുന്നു എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്: രഞ്ജിത്ത് ശങ്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th April 2024, 9:51 pm

പാസഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് രഞ്ജിത്ത് ശങ്കർ.

ജയസൂര്യയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായ പുണ്യാളൻ അഗർബത്തീസ്, പ്രേതം, സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ രഞ്ജിത്ത് മമ്മൂട്ടിയോടൊപ്പം ഒന്നിച്ച ചിത്രമായിരുന്നു വർഷം.

മമ്മൂട്ടിയുടെ മികച്ച പ്രകടനം കണ്ട ചിത്രം കൂടെയായിരുന്നു വർഷം. ഈയിടെ ചിത്രത്തെ കുറിച്ച് ഒരു ഡോക്ടർ തന്നോട് സംസാരിച്ചിരുന്നുവെന്ന് രഞ്ജിത്ത് ശങ്കർ പറയുന്നു. ഡിപ്രഷനുള്ള മരുന്ന് പോലെ സിനിമ റെക്കമെന്റ് ചെയ്യാറുണ്ടെന്ന് ഡോക്ടർ തന്നോട് പറഞ്ഞെന്ന് രഞ്ജിത്ത് പറയുന്നു. .

‘ഈയിടെ എന്നോട് ഒരു ഡോക്ടർ വർഷത്തെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഒരു സൈക്കാട്രിസ്റ്റാണ്. അവർ അവിടെ ഹോസ്പിറ്റലിൽ ഡിപ്രഷൻ വരുന്ന രോഗികൾക്ക് വർഷം എന്ന സിനിമ മെഡിസിനായി റെക്കമെന്റ് ചെയ്യാറുണ്ടെന്ന്.

അതിന്റെ പ്രധാന കാരണം മമ്മൂട്ടിയാണ്. മമ്മൂട്ടിയെ പോലൊരു അഭിനേതാവിന്റെ കഥാപാത്രം അത്രയും പ്രശ്നത്തിലൂടെ കടന്ന് പോയിട്ട് എങ്ങനെ അത് സർവൈവ് ചെയ്തു എന്നറിയാൻ വേണ്ടിയാണത്. പലർക്കും എഫക്റ്റീവാണെന്നാണ് പലരും പറഞ്ഞത്,’ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണ് വർഷമെന്നും ഇന്നാണെങ്കിൽ മറ്റൊരു രീതിയിൽ ആ ചിത്രം എടുത്തേനെയെന്നും രഞ്ജിത്ത് ശങ്കർ കൂട്ടിച്ചേർത്തു.

‘വർഷം ഇപ്പോൾ കാണുമ്പോൾ, അത് മറ്റൊരു തരത്തിൽ ചെയ്യാമായിരുന്നു എന്നൊരു തോന്നൽ എനിക്കിപ്പോഴുണ്ട്. അതെല്ല സിനിമയ്ക്കുമുണ്ട്. എല്ലാ സിനിമ കാണുമ്പോഴും അങ്ങനെ തോന്നാറുണ്ട്. അത് ഞാനും മമ്മൂക്കയും കൂടെ നിർമിച്ച ചിത്രമായിരുന്നു. ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അന്നത് ഒരുപാട് എൻജോയ് ചെയ്ത ചിത്രമാണ്. ഇപ്പോഴും അതിഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകരുണ്ട്,’ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

അതേസമയം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് എന്ന രഞ്ജിത്ത് ശങ്കർ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു സൂപ്പർ ഹീറോ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചന.

Content Highlight: Ranjith Sankar Says Talk About Varsham Movie And  It’s Making