ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് കുട്ടികള്‍ എന്നെ കാണുമ്പോള്‍ വിളിക്കുന്നത്: രഞ്ജിത്ത് സജീവ്
Entertainment
ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് കുട്ടികള്‍ എന്നെ കാണുമ്പോള്‍ വിളിക്കുന്നത്: രഞ്ജിത്ത് സജീവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 8:52 am

തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയമാകാതെ പോകുകയും ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ വലിയ ചര്‍ച്ചയാകുകയും ചെയ്ത സിനിമയാണ് സാജിദ് യഹ്യ സംവിധാനം ചെയ്ത ഖല്‍ബ്. രഞ്ജിത്ത് സജീവ്, നേഹ നസ്നീന്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയില്‍ കാല്‍പ്പോ എന്ന കഥാപാത്രമായാണ് രഞ്ജിത്ത് സജീവ് എത്തിയത്.

ഖല്‍ബിലെ കഥാപാത്രത്തിന്റെ പേരാണ് കുട്ടികള്‍ തന്നെ കാണുമ്പോള്‍ വിളിക്കുന്നതെന്ന് രഞ്ജിത്ത് സജീവ് പറയുന്നു. ഖല്‍ബിലെ തന്റെ കഥാപാത്രത്തിന്റെ പേരാണ് അഞ്ചും ആറും വയസുള്ള കുട്ടികള്‍ തന്നെ കാണുമ്പോള്‍ വിളിക്കുന്നതെന്നും അത് തികച്ചും സന്തോഷം ഉളവാക്കുന്ന കാര്യമാണെന്നും രഞജിത്ത് സജീവ് പറയുന്നു.

ഒരു നടന്‍ എന്ന നിലയില്‍ തന്റെ പേര് ഓര്‍ക്കുന്നില്ലെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേര് മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടങ്കില്‍ തനിക്ക് അതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യമെന്നും അദ്ദേഹം പറയുന്നു. ഒരു കുട്ടി തന്റെ കഥാപാത്രത്തെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതാണ് തന്റെ വിജയമെന്നും രഞ്ജിത്ത് സജീവ് കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചും ആറും വയസുള്ള കുട്ടികള്‍ കാല്‍പ്പോ കാല്‍പ്പോ എന്നാണ് എന്നെ വിളിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അതാണ് എനിക്ക് സന്തോഷം. കാരണം ഞാന്‍ ഒരു ആക്ടറെന്ന നിലയില്‍ രഞ്ജിത്ത് എന്ന പേര് ആ കഥാപാത്രം ഓര്‍ക്കുന്നുണ്ടോ, അത് മറ്റുള്ളവരില്‍ രജിസ്റ്ററായിട്ടുണ്ടോ എനിക്ക് അത് മതി. ഇത്രയും വലിയ ഇംപാക്റ്റുണ്ടാക്കി എന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇവരെ എനിക്ക് എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിഞ്ഞു.

ഞാന്‍ ധൂം 2 ഒരുപാട് കണ്ടിട്ടുണ്ട്. ഹൃത്വിക് റോഷന്റെ ഹ്യൂജ് ഫാനാണ്. അതില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് ആര്യന്‍ എന്നാണ്. സിനിമയില്‍ പുള്ളി ചെയ്യുന്ന പോലെയൊക്കെ ഞാനും ആക്ട് ചെയ്യുമായിരുന്നു. അതുപോലെ ഇപ്പോള്‍ ഒരു കുട്ടിക്ക് കാല്‍പ്പോ അങ്ങനെ കണ്ടാല്‍ അത് എന്റെ ഒരു വിജയമാണ്,’ രഞ്ജിത്ത് സജീവ് പറയുന്നു.

2022ല്‍ വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് ജോണ്‍ എബ്രഹാം നിര്‍മിച്ച മൈക്ക് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് രഞ്ജിത്ത് സജീവ്.

Content Highlight: Ranjith Sajeev says that children call him by the name of the character in Qalb when they see him.