രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയെ പരാജയപ്പെടുത്തി കര്‍ണാടക സെമി ഫൈനലിന്. എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് കര്‍ണാടക സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക മറികടക്കുകയായിരുന്നു.

സ്‌കോര്‍

മുംബൈ: 120 & 377

കര്‍ണാടക: 173 & 325/6  (T: 325)

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ തൊട്ടതെല്ലാം പാളി. 138 പന്ത് നേരിട്ട് 60 റണ്‍സ് നേടിയ അഖില്‍ ഹെര്‍വഡേക്കറിന് മാത്രമാണ് ചെറുത്തുനില്‍ക്കാനെങ്കിലും സാധിച്ചത്. 106 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷര്‍ദുല്‍ താക്കൂറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒന്നാം ഇന്നിങ്‌സില്‍ മുംബൈ 120ന് പുറത്തായി.

കര്‍ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍, പ്രസിദ്ധ് കൃഷ്ണ, വിദ്വത് കവേരപ്പ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വിദ്യാധര്‍ പാട്ടീല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ കര്‍ണാടകയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും നിര്‍ണായകമായ ലീഡ് സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു. മായങ്ക് അഗര്‍വാളിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കര്‍ണാടകയ്ക്ക് തുണയായത്.

134 പന്ത് നേരിട്ട അഗര്‍വാള്‍ 92 റണ്‍സ് നേടി. 28 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലിന് മാത്രമാണ് കര്‍ണാടക നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

മുംബൈയ്ക്കായി മോഹിത് അവസ്തിയും തുഷാര്‍ ദേശ്പാണ്ഡേയും നാല് വീതം വിക്കറ്റെടുകളെടുത്തപ്പോള്‍ സൂര്യാന്‍ഷ് ഷെഡ്ജും ക്യാപ്റ്റന്‍ ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സിന്റെ സകല നിരാശയും മറക്കുന്നതായിരുന്നു മുംബൈയുടെ രണ്ടാം ഇന്നിങ്‌സ്. ടോപ്പ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ലോവര്‍ ഓര്‍ഡറും സ്‌കോറിങ്ങിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി.

വിക്കറ്റ് കീപ്പര്‍ ആകാശ് ആനന്ദാണ് രണ്ടാം ഇന്നിങ്‌സിലെ ടോപ്പ് സ്‌കോറര്‍. 70 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. മുഷീര്‍ ഖാന്‍ (49), തനുഷ് കോട്ടിയന്‍ (48*), തുഷാര്‍ ദേശ്പാണ്ഡേ (47) യശസ്വി ജെയ്‌സ്വാള്‍ (36), അഖില്‍ ഹെര്‍വഡേക്കര്‍ (33) എന്നിവര്‍ തിളങ്ങിയപ്പോള്‍ മുംബൈ 377ലെത്തി.

മൂന്ന് വിക്കറ്റ് നേടിയ ശിഖര്‍ ഷെട്ടിയാണ് രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടകയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടകയ്ക്ക് മായങ്ക് അഗര്‍വാളിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും കെ.എല്‍. രാഹുല്‍ ക്രീസില്‍ ഉറച്ചുനിന്നു. ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഇന്നിങ്‌സിന് അടിത്തറയൊരുക്കിയ രാഹുല്‍ സ്മരണ്‍ രവിചന്ദ്രനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തി.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കര്‍ണാടകയ്ക്ക് തുണയായത്.

182 പന്ത് നേരിട്ട് രാഹുല്‍ 130 റണ്‍സ് നേടി മടങ്ങി. 14 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സ്മരണ്‍ 123 പന്തില്‍ പുറത്താകാതെ 83 റണ്‍സും നേടി.

ഒടുവില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കര്‍ണാടക വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

 

Content Highlight: Ranji Trophy: Karnataka defeated Mumbai