അസുഖമല്ലെടോ എനിക്കെന്റെ രുചി പോലും നഷ്ടപ്പെട്ടുവെന്ന് മമ്മൂക്ക പറഞ്ഞു: രൺജി പണിക്കർ
Entertainment
അസുഖമല്ലെടോ എനിക്കെന്റെ രുചി പോലും നഷ്ടപ്പെട്ടുവെന്ന് മമ്മൂക്ക പറഞ്ഞു: രൺജി പണിക്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th November 2023, 7:44 pm

പ്രായം തോൽക്കുന്ന സൗന്ദര്യം എന്നാണ് മമ്മൂട്ടിയെ കുറിച്ച് മലയാളികൾ വിശേഷിപ്പിക്കാർ. തന്റെ എഴുപതുകളിലും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ ഒരു നടൻ എന്ന നിലയിൽ തന്റെ ശരീരത്തെ കുറിച്ച് മമ്മൂട്ടിക്കുള്ള കാര്യഗൗരവം പ്രശംസനീയം തന്നെയാണ്.

രൗദ്രം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ രൺജി പണിക്കർ. ലൊക്കേഷനിൽ മമ്മൂട്ടിയോട് എന്താണ് ഫുഡ്‌ കഴിക്കാത്തതെന്ന് ചോദിച്ചപ്പോൾ രുചിയെല്ലാം നഷ്ടപ്പെട്ടു പോയെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് രൺജി പണിക്കർ പറയുന്നു.

അതുകൊണ്ടൊക്കെയാണ് മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായിരിക്കുന്നതെന്നും രൺജി പണിക്കർ പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2008 ൽ ഞാൻ സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഞാൻ നോക്കുമ്പോൾ മമ്മൂക്ക ഒന്നും എൻജോയ് ചെയ്യുന്നില്ലായിരുന്നു. ഞാൻ പുള്ളിയോട് ചോദിച്ചു ഭക്ഷണത്തിനോട് എന്തിനാണ് ഈ വിരോധമെന്ന്.

കാരണം എനിക്കറിയുന്ന മമ്മൂക്ക നല്ല ഭക്ഷണപ്രിയനാണ്. പുള്ളി പറഞ്ഞു, എനിക്ക് രുചിയില്ലായെന്ന്. ഞാൻ ചോദിച്ച് എന്തെങ്കിലും അസുഖം ഉണ്ടോയെന്ന്.

അപ്പോൾ മമ്മൂക്ക പറഞ്ഞു, അസുഖമല്ലടോ ഇത്ര കൊല്ലമായി ഞാൻ ഈ ഭക്ഷണം വർജിച്ച് വർജിച്ച് എനിക്ക് രുചികൾ നഷ്ടപ്പെട്ടുപോയെന്ന്. 2008 കഴിഞ്ഞിട്ട് ഇപ്പോൾ 15 വർഷമായി. ഇഷ്ടമുള്ള ഭക്ഷണം, വേണ്ട അത്രയും കഴിക്കാനുള്ള പ്രാപ്തിയുണ്ടായിട്ടും ആ അവസരങ്ങളെല്ലാം 20 വർഷമായി ആ മനുഷ്യൻ റെസ്ട്രിക്ട് ചെയ്യുകയാണ്.

അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു ഭക്ഷണം കഴിക്കാൻ പേടിയാണ്. കാരണം അദ്ദേഹത്തെ സംബന്ധിച്ച് ആ രൂപം കാത്തുസൂക്ഷിക്കുക എന്നത് ഒരു ബാധ്യതയാണ്. മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായി ഇരിക്കുന്നു എന്ന് എല്ലാവരും പറഞ്ഞ് പറഞ്ഞ് അത് സൂക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണിപ്പോൾ,’ രൺജി പണിക്കർ പറയുന്നു

Content Highlight: Ranji Panikar Talk About Mammooty’s Food Diet