മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഒട്ടനവധി മാസ് നായകന്മാരെയും അവരുടെ തീപ്പൊരി ഡയലോഗുകളും മലയാളികള്‍ക്ക് സമ്മാനിച്ചയാള്‍ കൂടിയാണ് രണ്‍ജി പണിക്കര്‍. കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പലര്‍ക്കും പ്രിയപ്പെട്ടവയാണ്.
ഏറ്റവും നന്നായിട്ട് കലഹിക്കുന്ന ആള്‍ മമ്മൂക്ക തന്നെയാണ് – രഞ്ജി പണിക്കര്‍
മലയാള സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ കലഹിക്കുന്നയാള്‍ മമ്മൂട്ടി ആണെന്ന് പറയുകയാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടിയെ പോലെത്തന്നെ വഴക്കുണ്ടാക്കുന്ന ആളായിരുന്നു സോമന്‍ എന്നും എന്നാല്‍ സ്‌നേഹം കൊണ്ടും വാശികൊണ്ടും തനിക്ക് വേണ്ടത് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വാങ്ങിയെടുക്കുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
സുരേഷ് ഗോപിയും നന്നായി വഴക്കിടുകയും പിണങ്ങി ഇറങ്ങി പോകുമെന്നും എന്നാല്‍ കുറച്ച് കഴിഞ്ഞ് തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേഖലയില്‍ വ്യക്തികള്‍ തമ്മിലുണ്ടാകുന്ന നല്ലതിന് വേണ്ടിയുള്ള ഉരസലുകളാണ് അതെന്നും രഞ്ജി പറയുന്നു. ഒറിജിനല്‍ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍.
‘ഏറ്റവും നന്നായിട്ട് കലഹിക്കുന്ന ആള്‍ മമ്മൂക്ക തന്നെയാണ്. അതുപോലതന്നെ സോമേട്ടന്‍ ഭയങ്കരമായിട്ട് കലഹിക്കുന്ന ആളായിരുന്നു. ‘അത് എന്നെകൊണ്ട് പറ്റില്ലെടാ’ എന്നൊക്കെ സോമേട്ടന്‍ പറയും. പക്ഷെ നമുക്ക് വേണ്ടത് നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്ത് വാങ്ങിക്കും.
അത് സ്‌നേഹം കൊണ്ടും കലഹം കൊണ്ടും വാശികൊണ്ടുമൊക്കെയാണ് നമ്മള്‍ സാധിച്ചെടുക്കുക. പക്ഷെ അതൊന്നും തന്നെ നമ്മള്‍ ആളുകള്‍ തമ്മിലുള്ള വ്യക്തിബന്ധത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ല, ബാധിക്കുന്നതല്ല. ഈക്കാര്യം അങ്ങോട്ടും ഇങ്ങോട്ടും അറിയാം.
സുരേഷ് ഗോപി ഭയങ്കരമായിട്ട് കലഹിക്കുകയും പിണങ്ങുകയും ഇറങ്ങി പോകുകയും ഒക്കെ ചെയ്യുന്ന ആളാണ്.
പക്ഷെ കുറച്ച് കഴിയുമ്പോള്‍ തിരിച്ച് വരും. സോമേട്ടന്‍ ഡബ്ബിങ് തിയേറ്ററില്‍ നിന്ന് ഇറങ്ങി പോയിട്ടുണ്ട്. എന്നിട്ട് കുറച്ച് കഴിയുമ്പോള്‍ വിളിക്കും ‘എടാ നമുക്കൊരു സിഗരറ്റ് വലിക്കാം’ എന്ന് ചോദിക്കും.
അതൊരു പ്രൊഫഷണല്‍ അറ്റ്‌മോസ്ഫിയറില്‍ വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ഫ്രിക്ഷനാണ്. അത് എപ്പോഴും നല്ലതിന് വേണ്ടിയുള്ളതാകും,’ രണ്‍ജി പണിക്കര്‍ പറയുന്നു.