ഗംഭീര സിനിമ; ചിത്രത്തിന്റെ മ്യൂസിക്കും ഇഷ്ടപ്പെട്ടു; ലോകയെ പ്രശംസിച്ച് റണ്‍ബീര്‍ കബൂര്‍
Malayalam Cinema
ഗംഭീര സിനിമ; ചിത്രത്തിന്റെ മ്യൂസിക്കും ഇഷ്ടപ്പെട്ടു; ലോകയെ പ്രശംസിച്ച് റണ്‍ബീര്‍ കബൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th September 2025, 8:07 pm

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയെ പ്രശംസിച്ച് നടന്‍ റണ്‍ബീര്‍ കബൂര്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം. ലൈവില്‍, തന്റെ പ്രിയപ്പെട്ട ഗാനങ്ങളെ കുറിച്ച് സംസാരിക്കവെയാണ് റണ്‍ബീര്‍ ലോകയെ കുറിച്ചും ചിത്രത്തിന്റെ മ്യൂസിക്കിനെ കുറിച്ചും പറഞ്ഞത്.

അടുത്തിടെ വന്ന റൊമാന്റിക് ഡ്രാമ ചിത്രമായ സൈയ്യാരയെ കുറിച്ചും മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രമായ ലോകയെ കുറിച്ചും രണ്‍ബീര്‍ പരാമര്‍ശിച്ചു.

‘എനിക്ക് സൈയ്യാരയിലെ ബര്‍ബാദ് എന്ന ഗാനം വളരെ ഇഷ്ടമായി .അതുപോലെ ലോകയിലെ ഗാനങ്ങള്‍ എനിക്ക് വളെര ഇഷ്ടപ്പെട്ടു. ഞാന്‍ അടുത്തിടെ ആ സിനിമ കണ്ടിരുന്നു. ഗംഭീര സിനിമയായിരുന്നു’

റിലീസ് ചെയ്ത് നാലാം വാരം പിന്നിടുമ്പോഴും ലോക തിയേറ്ററുകളില്‍ മുന്നേറ്റം തുടരുകയാണ്. എമ്പുരാന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മാറ്റിയെഴുതിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ഡൊമിനിക്ക് അരുണ്‍ ഒരുക്കിയ ഈ സിനിമ റിലീസിന് ശേഷം നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ആലിയ ഭട്ടും പ്രിയങ്ക ചോപ്രയുമെല്ലാം സിനിമയെ പ്രശംസിച്ചുള്ള സ്റ്റോറി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ലോക സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സൗത്ത് ഇന്ത്യയിലെ ഫീമെയ്ല്‍ ലീഡ് സിനിമയിലെ ടോപ് ഗ്രോസറായിരുന്ന കീര്‍ത്തി സുരേഷിന്റെ മഹാനടിയെ ലോക പിന്തള്ളിയിരുന്നു. തെന്നിന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി എന്ന റെക്കോര്‍ഡും കല്യാണി ലോകയിലൂടെ സ്വന്തമാക്കി.

Content Highlight: Ranbir Kapoor praises Loka Chapter One Chandra