സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രമായിരുന്നു നടി നായികയായി ഷൂട്ട് ചെയ്യപ്പെട്ട ആദ്യ സിനിമ. എന്നാല്‍ 1985ല്‍ ഷൂട്ട് ചെയ്ത ചിത്രം റിലീസിന് എത്തിയത് 1986ലായിരുന്നു.
വൈ.ജി. മഹേന്ദ്രക്കൊപ്പം അഭിനയിച്ച വെള്ളൈ മനസ് ആയിരുന്നു രമ്യ കൃഷ്ണന്റേതായി ആദ്യമായി റിലീസ് ചെയ്യപ്പെട്ട സിനിമ. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രമ്യക്ക് സാധിച്ചിരുന്നു.
ആദ്യമായി കാണാന്‍ തുടങ്ങിയ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് രമ്യ കൃഷ്ണന്‍. കുഞ്ഞായിരിക്കുമ്പോള്‍ ആദ്യമെല്ലാം കാണുന്നത് കമല്‍ ഹാസന്റെയോ രജനികാന്തിന്റെ സിനിമകളായിരിക്കുമെന്നും അതെല്ലാം കൊമേര്‍ഷ്യല്‍ രീതിയില്‍ ഉള്ളതായിരുന്നെന്നും രമ്യ കൃഷ്ണന്‍ പറയുന്നു.
ആദ്യമെല്ലാം ഇരുവരുടെയും കൊമേര്‍ഷ്യല്‍ സിനിമകളാണ് കാണാറുണ്ടായിരുന്നതെന്നും അതിന് ശേഷം കമല്‍ ഹാസന്‍ ആര്‍ട്ട് സിനിമകളും കൂടുതല്‍ സീരിയസായുള്ള സിനിമകളും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അത് കാണാനായിരുന്നു കൂടുതല്‍ ഇഷ്ടമെന്നും താരം കൂട്ടിച്ചേര്‍ത്തു. രണ്ട് പേരുടെയും സിനിമകള്‍ ഇഷ്ടമാണെന്നും രമ്യ പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണന്‍.
‘ഞാന്‍ ആദ്യമെല്ലാം കാണാന്‍ തുടങ്ങിയ സിനിമകള്‍ കൂടുതലുംഒന്നുകില്‍ കമല്‍ ഹാസന്റെയോ അല്ലെങ്കില്‍ രജിനികാന്ത് സാറിന്റേയോ ആയിരിന്നു. എല്ലാം കൊമേര്‍ഷ്യല്‍ സിനിമകളായിരുന്നു. കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ കമല്‍ ഹാസന്റെയും രജിനികാന്തിന്റെയും കൊമേര്‍ഷ്യല്‍ സിനിമകള്‍ ആസ്വദിക്കുമായിരുന്നു.
അതിന് ശേഷം കമല്‍ ഹാസന്‍ കൂടുതലും ആര്‍ട്ട് പരമായിട്ടുള്ളതോ അല്ലെങ്കില്‍ സീരിയസ് ആയിട്ടുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴേക്കും ഞാനും വളര്‍ന്നു. അപ്പോള്‍ കൂടുതലും കാണാന്‍ ഇഷ്ടപ്പെടുന്നത് അത്തരത്തിലുള്ള സിനിമകളായി മാറി. പക്ഷെ സത്യത്തില്‍ എനിക്ക് രണ്ടും ഇഷ്ടമാണ്,’ രമ്യ കൃഷ്ണ പറയുന്നു.