ആ സിനിമയില്‍ ഞാനുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഫഹദ് എന്നെത്തേടി കാരവനിലേക്ക് വന്നു, എനിക്ക് അത് പുതിയ അനുഭവമായിരുന്നു: രമേശ് തിലക്
Entertainment
ആ സിനിമയില്‍ ഞാനുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഫഹദ് എന്നെത്തേടി കാരവനിലേക്ക് വന്നു, എനിക്ക് അത് പുതിയ അനുഭവമായിരുന്നു: രമേശ് തിലക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 8:42 pm

ചെറിയ വേഷങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ നടനാണ് രമേശ് തിലക്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെയാണ് രമേശ് തിലക് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രമേശിന് സാധിച്ചു. ഈ വര്‍ഷത്തെ ഗംഭീരവിജയമായ ടൂറിസ്റ്റ് ഫാമിലിയിലും രമേശ് തിലകിന്റെ സാന്നിധ്യമുണ്ടായിരുന്നു.

മലയാളി താരങ്ങളായ ഫഹദ് ഫാസിലിനും സൗബിന്‍ ഷാഹിറിനുമൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് രമേശ് തിലക്. തമിഴ് സിനിമയില്‍ മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നതെന്ന് രമേശ് പറഞ്ഞു. മലയാള സിനിമകളോടൊപ്പം മലയാളത്തിലെ നടന്മാരെയും തമിഴില്‍ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫഹദും സൗബിനും തന്നെ അത്ഭുതപ്പെടുത്തിയ നടന്മാരാണെന്നും രമേശ് പറയുന്നു. വേട്ടൈയന്‍ എന്ന സിനിമയില്‍ താന്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നെന്നും ആ സിനിമയില്‍ ഫഹദും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാരവനിലെത്തിയപ്പോള്‍ ഫഹദ് തന്നെത്തേടി കാരവനിലേക്ക് വന്നെന്നും അത്രയും വലിയ നടന് അങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നെന്നും രമേശ് പറയുന്നു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു രമേശ് തിലക്.

‘മലയാള സിനിമകള്‍ക്ക് തമിഴ്‌നാട്ടില്‍ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. അതുപോലെ മലയാളത്തില്‍ നിന്ന് വരുന്ന നടന്മാരും തമിഴില്‍ നമ്മളെ ഞെട്ടിക്കാറുണ്ട്. അത്തരത്തിലുള്ള രണ്ട് നടന്മാരാണ് ഫഹദും സൗബിനും. വളരെ സിമ്പിളായിട്ടുള്ള ആള്‍ക്കാരാണ് അവര്‍. സെറ്റില്‍ മറ്റ് ആര്‍ട്ടിസ്റ്റുകളോട് അവര്‍ ഇടപഴകുന്ന രീതി വെച്ചിട്ടാണ് ഞാന്‍ സിമ്പിള്‍ എന്ന് ഉദ്ദേശിച്ചത്.

വേട്ടൈയന്‍ എന്ന സിനിമയില്‍ ഞാന്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ആ സിനിമയില്‍ ഫഹദും സ്‌ട്രോങ്ങായിട്ടുള്ള ഒരു ക്യാരക്ടര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എന്റെ കാരവനിലിരിക്കുമ്പോള്‍ അസിസ്റ്റന്റ് വന്നിട്ട് ‘ഫഹദ് നിങ്ങളെ കാണാന്‍ വരുന്നുണ്ട്’ എന്ന് പറഞ്ഞു. നേരെ എന്റെ കാരവനിലേക്ക് വന്നിട്ട് ‘മച്ചാ, എപ്പടിയിറുക്കേ’ എന്ന് ചോദിച്ചു. ഞാന്‍ ആ സിനിമയിലുണ്ടെന്ന് അറിഞ്ഞ് എന്നെ കാണാന്‍ വരികയായിരുന്നു.

ഫഹദിന് വേണമെങ്കില്‍ എന്നെ കാരവനിലേക്ക് വിളിപ്പിക്കാമായിരുന്നു. എന്നാല്‍ അയാള്‍ എന്നെ ഈക്വലായി കാണുകയായിരുന്നു. അത്രയും വലിയ താരത്തില്‍ നിന്ന് അതുപോലെ എനിക്ക് ഉണ്ടായിട്ടില്ല. കൂലിയുടെ സെറ്റില്‍ വെച്ച് സൗബിനും എന്നോട് നല്ല കമ്പനിയായിരുന്നു. അവര്‍ക്കൊന്നും താന്‍ വലിയ ആളാണെന്ന ചിന്തയില്ല,’ രമേശ് തിലക് പറഞ്ഞു.

Content Highlight: Ramesh Tilak shares the incident happed with Fahadh Faasil during Vettaiyan movie shoot