10 ലക്ഷം രൂപ പ്രതിഫലമുള്ള പരിപാടി, 400 രൂപയുടെ ടോപ്പുമിട്ട് വന്ന ആ നടി ഒന്നുമറിയാത്തത് പോലെ ഇരുന്നു: രമേശ് പിഷാരടി
Entertainment
10 ലക്ഷം രൂപ പ്രതിഫലമുള്ള പരിപാടി, 400 രൂപയുടെ ടോപ്പുമിട്ട് വന്ന ആ നടി ഒന്നുമറിയാത്തത് പോലെ ഇരുന്നു: രമേശ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th April 2025, 9:40 pm

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പിഷാരടി 2018ല്‍ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

ഇപ്പോള്‍ അമൃത ടി.വിയിലെ നിറസല്ലാപം എന്ന പരിപാടിയില്‍ നടി മഞ്ജു വാര്യരെ കുറിച്ച് പറയുകയാണ് രമേശ് പിഷാരടി. മഞ്ജുവിനൊപ്പം ദല്‍ഹിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

‘മഞ്ജു വാര്യര്‍ ഇടയ്ക്ക് സിനിമ കാണാന്‍ വരും. മാസ്‌ക്കുമിട്ട്, ചുമ്മാ ഒരു ബനിയനുമിട്ടാണ് വരിക. ആ സമയത്ത് തിരക്കില്‍ പെട്ടാല്‍ മഞ്ജുവിനെ പെട്ടന്നൊന്നും കണ്ണില്‍ പെടില്ല. തിരക്കിന്റെ ഇടയിലൂടെ നൂണ്ട് കയറിയാണ് പോകുക.

ഞങ്ങള്‍ ഒരു പരിപാടിയുടെ ഭാഗമായി ദല്‍ഹിയില്‍ ഒരുമിച്ച് പോയിരുന്നു. അവിടെ വെച്ച് എല്ലാവരും ഒരു സരോജിനി മാര്‍ക്കറ്റില്‍ പോയി. അവിടുന്ന് മഞ്ജു 400 രൂപയുടെ ഒരു ടോപ്പ് വാങ്ങി.

അതിന്റെ കൂടെ ഒരെണ്ണം ഫ്രീയും കിട്ടിയിരുന്നു. അത് മഞ്ജു അന്ന് നമ്മളെ കാണിച്ചു തന്നിരുന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞാല്‍ നമ്മള്‍ ഇതൊക്കെ മറക്കുമല്ലോ. അവിടെ എന്റെയൊരു ഫങ്ഷന് മഞ്ജു വന്നു.

എന്റെ ഊഹം വെച്ചിട്ട് ഒരു പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള ഫങ്ഷനാണ് അത്. ആ 400 രൂപയുടെ ടോപ്പുമിട്ടിട്ടാണ് മഞ്ജു അവിടെ വന്നത്. എന്നിട്ട് ഞാന്‍ നോക്കുമ്പോള്‍ ഒന്നും അറിയാത്തത് പോലെ ഇരിക്കുകയാണ്,’ രമേശ് പിഷാരടി പറയുന്നു.

Content Highlight: Ramesh Pisharody Talks About Manju Warrier