സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ സ്വാധീനിക്കുമോ എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രമേശ് പിഷാരടി. സിനിമയുടെ സര്‍ട്ടിഫിക്കറ്റും സെന്‍സറിങ്ങും തിയേറ്ററില്‍ മാത്രമല്ലെ ബാധകമുള്ളൂവെന്നും സിനിമയുടെ ക്ലിപ്പിങ്സുകളെല്ലാം മൊബൈലിലൂടെ എല്ലാവര്‍ക്കും ലഭിക്കുമല്ലോയെന്നും രമേശ് പിഷാരടി പറയുന്നു.
ചില സിനിമകളില്‍ ക്രൈം വലിയ രീതിയില്‍ ഗ്ലോറിഫൈ ചെയ്യുന്നുണ്ടെന്നും വില്ലനായി വരുന്ന ആളെപോലും സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലാണ് അവതരിപ്പിക്കുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു. ഇതെല്ലം കാണുമ്പോള്‍ ചില ആളുകള്‍ക്കെങ്കിലും ഇത് സാധാരണമായി തോന്നാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ തോക്ക് വില്‍ക്കുന്ന നാടാണ് നമ്മുടേതെന്നും കാറും പീപ്പിയും പാവയും അതിന്റെ അടുത്ത് തോക്കും ഉണ്ടാകുമെന്നും അത് വാങ്ങി കുട്ടികള്‍ പരസ്പരം വെടിവെച്ച് കളിക്കുമെന്നും പിഷാരടി പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു നിയന്ത്രണമുള്ളത് നല്ലതാണെന്ന് തോന്നുന്നുണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു. ആപ് കൈസേ ഹോ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ട്ടിഫിക്കറ്റും സെന്‍സറിങ്ങുമെല്ലാം തിയേറ്ററില്‍ മാത്രമല്ലെ ഉള്ളു. ഇതിന്റെ കഷ്ണങ്ങളെല്ലാം വരുമല്ലോ (ഷോര്‍ട്‌സുകളും റീലുകളും). ക്രൈം വലിയ ലെവലില്‍ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയാണ്. വില്ലനായിട്ട് വന്ന ആളുപോലും സൂപ്പര്‍സ്റ്റാറിനെ പോലെ നടക്കുകയും നില്‍ക്കുകയും ചെയ്യുക, നിരന്തരം കൊല്ലുക.
കൊലപാതകം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല്‍ വലിയ സിനിമകളില്‍ പോലും കഴുത്ത് വെട്ടി കളയുക അങ്ങനെയുള്ള ക്രൂരതകള്‍. ഇതെല്ലം സ്ഥിരമായി കാണുമ്പോള്‍ വളരെ നാച്ചുറല്‍ ആണെന്ന് തോന്നും. സാധാരണഗതിയില്‍ അല്ലാത്ത ആളുകള്‍ക്ക് ഇതെല്ലം സാധാരണമാണെന്ന് തോന്നാം.
കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ തോക്ക് വില്‍ക്കുന്ന നാടാണ് ഇത്.
കാറും പീപ്പിയും പാവയും അതിന്റെ അടുത്ത് തോക്കും ഉണ്ട്. ഇത് വാങ്ങി പിള്ളേര്‍ പരസ്പരം വെടിവെച്ച് കളിക്കുന്നുമുണ്ട്. കളിപ്പാട്ടത്തില്‍ വരെ തോക്കുണ്ട്. അങ്ങനത്തെ ഒരു നാടാണ് ഇത്. അപ്പോള്‍ ഒരു നിയന്ത്രണം ഉള്ളത് നല്ലതാണെന്ന് തോന്നുന്നു,’ രമേശ് പിഷാരടി പറയുന്നു.