ഫെമിനിസത്തെ ജനങ്ങള്‍ തെറ്റിദ്ധരിച്ച പോലെ പൊളിറ്റിക്കല്‍ കറക്ടനസും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്: രമേശ് പിഷാരടി
Entertainment news
ഫെമിനിസത്തെ ജനങ്ങള്‍ തെറ്റിദ്ധരിച്ച പോലെ പൊളിറ്റിക്കല്‍ കറക്ടനസും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്: രമേശ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th February 2023, 7:45 pm

തമാശ പറയുമ്പോള്‍ കലാകാരന്‍മാര്‍ വളരെയേറെ സൂക്ഷിക്കണമെന്നും എല്ലാത്തിനും ഒരു ലിമിറ്റുണ്ടെന്നും രമേശ് പിഷാരടി. ഭൗതികവും കാലാനുചിതവുമായ തമാശകള്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികളെന്നും, എന്നാല്‍ സ്വന്തം മതത്തെയോ , രാഷ്ട്രീയ പാര്‍ട്ടിയെയോ വിമര്‍ശിച്ചാല്‍ അത് അവര്‍ക്ക് സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തമാശകളില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് നോക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ ഫെമിനിസം പോലെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കായി പൊളിറ്റിക്കല്‍ കറക്ട്‌നസ് ഇന്ന് മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

”എല്ലാത്തിനും ഒരു ലിമിറ്റുണ്ട്, തമാശയിലും അതുണ്ട്. രാജ്യത്തിനും, വ്യക്തിക്കും, പ്രണയത്തിനും, സൗഹൃദത്തിനും എന്ന് വേണ്ട എല്ലാത്തിനും ഒരു അളവുണ്ട്. കൃത്യമായ അളവില്‍ കിട്ടുന്നതാണ് ആളുകള്‍ക്ക് സന്തോഷം. ചില സമയങ്ങളില്‍ ഇത് കൈവിട്ട് പോവാം. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നതിനെ കുറിച്ചുള്ള ധാരണ ഒരു കലാകാരന് അത്യാവശ്യമാണ്.

തമാശകളില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് നോക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ ഫെമിനിസം എന്ന വാക്കിനെ ജനങ്ങള്‍ തെറ്റിദ്ധരിച്ച പോലെ പൊളിറ്റിക്കല്‍ കറക്ടനസും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,” അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ മലയാളി കാലാനുചിതമായ തമാശകള്‍ ഇഷ്ടപ്പെടുന്നവരാണെന്നും, എന്നാല്‍ എല്ലാ തരം തമാശകളും തമാശയായി കാണാന്‍ അവര്‍ക്ക് കഴിയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഭൗതികവും കാലാനുചിതവുമായ തമാശകള്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എന്നാല്‍ അതിനോട് ചേര്‍ത്ത് പറയാവുന്ന ഒരു കാര്യം മലയാളി എന്ത് തമാശയും ആസ്വദിക്കും. പക്ഷെ അത് ഞാന്‍ വിശ്വസിക്കുന്ന മതത്തെക്കുറിച്ചോ, രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചോ, എന്റെ സുഹൃത്തുക്കളെക്കുറിച്ചോ ആവരുതെന്ന വാശി നമുക്കുണ്ട്.

ബാക്കി ഏതും ഞാന്‍ സഹിച്ചോളാമെന്ന മനോഭാവമാണ് മലയാളിക്കുള്ളത്. ബാക്കി നിങ്ങള്‍ ആരെക്കുറിച്ച് വേണമെങ്കിലും പറഞ്ഞോളൂ, ഇവിടെ തൊടരുത്. തൊട്ടാലെന്റെ കുറേ വ്രണപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന വികാരങ്ങളെല്ലാം കൂടെ ഇറങ്ങി വരും. അത് വ്രണപ്പെടും,” പിഷാരടി പറഞ്ഞു.

Content Highlight : Ramesh pisharody comment on feminism and political correctness