പ്രധാനമന്ത്രി ഫാസിസത്തിന്റെ ഏറ്റവും ഭ്രാന്തമായ അവസ്ഥയില്‍; നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ഇസ്രഈല്‍ ജനത
World News
പ്രധാനമന്ത്രി ഫാസിസത്തിന്റെ ഏറ്റവും ഭ്രാന്തമായ അവസ്ഥയില്‍; നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ഇസ്രഈല്‍ ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th February 2023, 6:21 pm

ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ നയങ്ങള്‍ക്കെതിരെ ഇസ്രഈലില്‍ വന്‍ പ്രതിഷേധം. ജുഡീഷ്യല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന നെതന്യാഹുവിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം അഞ്ചാഴ്ച പിന്നിടുകയാണ്. വിവിധ നഗരങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് തെരുവുകളില്‍ പ്രതിഷേധിക്കുന്നത്.

ജുഡീഷ്യല്‍ നിയമനങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരിക, സര്‍ക്കാര്‍ തീരുമാനങ്ങളും നെസറ്റ്് (ഇസ്രഈല്‍ പാര്‍ലമെന്‍്- knesset) നിയമങ്ങളും അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം പരിമിതപ്പെടുത്തുക എന്നിവയാണ് നെതന്യാഹു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച പുതിയ നയങ്ങള്‍.

പാര്‍ലമെന്റില്‍ ഈ നിയമങ്ങള്‍ തിങ്കളാഴ്ച അവതരിപ്പിക്കാനിരിക്കെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രാഈല്‍ ജനത. ശനിയാഴ്ച ഒരു ലക്ഷത്തിലധികം ആളുകളാണ് ടെല്‍ അവീവില്‍ മാത്രം പ്രതിഷേധത്തിനായി എത്തിച്ചേര്‍ന്നത്. ടെല്‍ അവീവിലെ റോത്ത്‌സ്‌ചൈല്‍ഡ് ബെളേവാര്‍ഡില്‍ വെച്ചാണ് പ്രതിഷേധ റാലി ആരംഭിച്ചതെന്നും ഇസ്രഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.


ജഡ്ജിമാരുടെ അമിതാധികാരം തടയുകയാണ് നിയമങ്ങളുടെ ലക്ഷ്യമെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ വലിയതോതിലുള്ള വിര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

‘ഞങ്ങളുടെ അഭിപ്രായത്തില്‍ നെതന്യാഹു സര്‍ക്കാര്‍ ചെയ്യുന്നത് ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യം വീണ്ടെടുക്കുന്നതിന് വേണ്ടി ഞങ്ങള്‍ സമരം ചെയ്യും, നെതന്യാഹു സര്‍ക്കാരിനെതിരെ ഞങ്ങള്‍ ഇവിടെയുണ്ടാകും,’ ടെല്‍ അവീവില്‍ പ്രതിഷേധിക്കുന്ന 70കാരിയായ ഇല്ലന്‍ ബെന്‍ഡോരി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇസ്രഈല്‍ മാധ്യമമായ എന്‍12 ന്യൂസ് ശനിയാഴ്ച ഈ നിയമങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ സര്‍വ്വേ നടത്തിയിരുന്നു. അതില്‍ 62 ശതമാനം പേരും ഈ നയങ്ങള്‍ നിര്‍ത്തലാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

നവംബറിലെ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷമാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട നെതന്യാഹു സമരങ്ങളെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയല്ല, നെതന്യാഹുവിന്റെ ഫാസിസ്റ്റ് നയങ്ങളാണ് പ്രതിഷേധത്തിന് കാരണമെന്ന് ഇടത് നേതാക്കള്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് ഫലം കൊണ്ടല്ല ഞങ്ങള്‍ തെരുവിലിറങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള നിങ്ങളുടെ ചെയ്തികള്‍ കൊണ്ടാണ്. വിവിധ വ്യക്തി നിയമങ്ങളില്‍ നിങ്ങള്‍ മാറ്റം കൊണ്ടുവന്നു, മാധ്യമങ്ങളില്‍ രാഷ്ട്രീയ കൈകടത്തലുകള്‍ നടത്തുന്നു, ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്നു, അതൊക്കെയും തെളിയിക്കുന്നത് നിങ്ങള്‍ ഫാസിസത്തിന്റെ ഭ്രാന്തമായ അവസ്ഥയിലെത്തിയെന്നാണ്,’ മുന്‍ നിയമമന്ത്രി സിപി ലിവ്‌നി അഭിപ്രായപ്പെട്ടു.

നെതന്യാഹുവിന്റെ നയങ്ങള്‍ക്കെതിരെ ഇസ്രഈലിലെ വിവിധ നഗരങ്ങളില്‍ റാലികളും പ്രതിഷേധ സമരങ്ങളും നടന്നുക്കൊണ്ടിരിക്കുകയാണ്.

content highlight: Prime Minister Fascism at its craziest; The people of Israel took to the streets against Netanyahu