സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തിനിടയില്‍ പെട്ടുപോയത് ഞാന്‍, രണ്ടുപേരും എന്നെ ദൂതനാക്കി: രമേശ് ഖന്ന
Indian Cinema
സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തിനിടയില്‍ പെട്ടുപോയത് ഞാന്‍, രണ്ടുപേരും എന്നെ ദൂതനാക്കി: രമേശ് ഖന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd November 2025, 3:28 pm

സിനിമാലോകത്ത് പലരുടെയും ഇഷ്ടം സ്വന്തമാക്കിയ താരജോഡിയാണ് സൂര്യയും ജ്യോതികയും. സിനിമയിലും ജീവിതത്തിലും ഒരുപോലെ പരസ്പരം സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ടുപോകുന്ന ഇരുവരും സില്ലുന് ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷമാണ് വിവാഹിതരായത്. ഒരുപാട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

ഇപ്പോഴിതാ സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തിന് ദൂതനായി പോകേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് തമിഴ് താരം രമേശ് ഖന്ന. ഫ്രണ്ട്‌സ് സിനിമയുടെ റീ റിലീസിനോടനുബന്ധിച്ച് നടന്ന പ്രസ് മീറ്റിലാണ് രമേശ് ഖന്ന ഇക്കാര്യം അറിയിച്ചത്. ഫ്രണ്ട്‌സില്‍ സൂര്യയോടൊപ്പമുള്ള രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത് ഉദുമല്‍പേട്ടയിലായിരുന്നെന്ന് താരം പറഞ്ഞു.

‘അന്ന് ഒരേ സമയം രണ്ട് പടമായിരുന്നു ചെയ്തിരുന്നത്. ഒരു ദിവസം ഫ്രണ്ട്‌സിലും അടുത്ത ദിവസം കമല്‍ സാറിന്റെ തെനാലിയുടെ സെറ്റില്‍ പോകും. അതിന്റെ ഷൂട്ട് കൊടൈക്കനാലിലായിരുന്നു. രാത്രി വണ്ടിയില്‍ കയറി പുലര്‍ച്ചെ തെനാലിയുടെ സെറ്റിലെത്തും. അടുത്ത ദിവസം തിരിച്ച് മലയിറങ്ങി ഫ്രണ്ട്‌സിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും.

ജ്യോതികയാണ് തെനാലിയിലെ നായികയെന്ന് അറിഞ്ഞപ്പോള്‍ സൂര്യ എന്നെ വിടാതെ ഫോളോ ചെയ്തു. എന്നെ അവരുടെ പ്രണയത്തിന്റെ ദൂതനാക്കി. ഞാന്‍ രാത്രി കൊടൈക്കനാലിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ സൂര്യ എന്റെയടുത്തേക്ക് വരും. ‘സൂക്ഷിച്ച് പോണം, ഭക്ഷണമൊക്കെ സമയത്തിന് കഴിക്കണം’ എന്നൊക്കെ പറഞ്ഞിട്ട് അവസാനം ‘ജോയോട് ഞാന്‍ അന്വേഷിച്ചെന്ന് പറയണേ’ എന്ന് പറഞ്ഞിട്ട് തിരിച്ചുപോകും.

ഞാന്‍ കൊടൈക്കനാലിലെത്തി സെറ്റില്‍ ജോയിന്‍ ചെയ്യും. അവിടെ ജ്യോതികയോട് സംസാരിക്കുമ്പോള്‍ സൂര്യ അന്വേഷിച്ച കാര്യവും പറയും. അത് കേട്ട് അവരുടെ മുഖത്ത് ചിരി വരും. ‘ഞാനും തിരിച്ച് അന്വേഷിച്ചെന്ന് പറയണേ’ എന്ന് മറുപടി തരും. ഇത് ഞാന്‍ സൂര്യയുടെ അടുത്ത് പറയും. അങ്ങനെ രണ്ട് പടത്തിന്റെയും ഷൂട്ട് തീരുന്നതുവരെ രണ്ടുപേരും എന്നെ തട്ടിക്കളിച്ചുകൊണ്ടേയിരുന്നു’ രമേശ് ഖന്ന പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഫ്രണ്ട്‌സ് അതേ പേരില്‍ തമിഴില്‍ ഒരുങ്ങുകയായിരുന്നു. വിജയ്, സൂര്യ, എന്നിവര്‍ നായകന്മാരായെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. സിദ്ദിഖ് തന്നെയായിരുന്നു തമിഴ് പതിപ്പും സംവിധാനം ചെയ്തത്. 24 വര്‍ഷങ്ങള്‍ക്ക് 4K റീമാസ്റ്റര്‍ പതിപ്പ് റീ റിലീസായിരിക്കുകയാണ്.

Content Highlight: Ramesh Khanna shares the shooting experience with Suriya and Jyothika