വൈദികനേയും കന്യാസ്ത്രീകളേയും ആക്രമിക്കുന്ന ബജ്രംഗ് ദളിനെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം: രമേശ് ചെന്നിത്തല
Kerala
വൈദികനേയും കന്യാസ്ത്രീകളേയും ആക്രമിക്കുന്ന ബജ്രംഗ് ദളിനെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th August 2025, 2:03 pm

കോഴിക്കോട്: രാജ്യവ്യാപകമായി ക്രിസ്തീയ പുരോഹിതരെയും കന്യാസ്ത്രീകളെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അതിക്രമം വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമത്തിന് ശേഷം ഇപ്പോള്‍ ഒഡീഷയില്‍ എഴുപതോളം വരുന്ന ബജ്രംഗ് ദള്‍ സംഘം മതപുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ചിരിക്കുന്നു. എല്ലാ മതങ്ങള്‍ക്കും പ്രാര്‍ത്ഥനാസ്വാതന്ത്ര്യം ഉള്ള ഒരു രാജ്യമാണ് നമ്മുടേതെന്നും ഇത്തരത്തില്‍ ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് കയ്യുംകെട്ടി നോക്കിയിരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമണത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. എല്ലാ മതന്യൂനപക്ഷങ്ങളുടെയും സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പു കൊടുക്കുന്നുണ്ട്. അതിനെ തകര്‍ത്തെറിഞ്ഞ് കൊണ്ടുള്ള ഇത്തരത്തിലുള്ള ഏത് ഫാസിസ്റ്റ് നീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒഡീഷയില്‍ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. 70 അംഗ സംഘം ചേര്‍ന്ന് കന്യാത്രീകളെയും വൈദികരെയും ജലേശ്വരം ഗംഗാധരം ഗ്രാമത്തില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വൈദികരായ ഫാദര്‍ നരിപ്പേല്‍, ജോജോ എന്നിവര്‍ക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്.

ജൂലൈ 26ന് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തനം ആരോപിച്ച് രംഗത്തെത്തിയത്. പിന്നീട് ബജ്രംഗ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍ കോടതിയും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

ഇതിനുപിന്നാലെ എന്‍.ഐ.എ കോടതിയെ സമീപിച്ച കന്യാസ്ത്രീകള്‍ക്ക് ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം.

Content Highlight: Ramesh Chennithala says government should stop Bajrang Dal for attacking priest and nuns