അച്ചടക്കം പാലിച്ചിട്ടും അവഗണന; മന്ത്രിസഭയില്‍ ചേരില്ല: അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല
Daily News
അച്ചടക്കം പാലിച്ചിട്ടും അവഗണന; മന്ത്രിസഭയില്‍ ചേരില്ല: അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2026, 2:11 pm

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ചെന്നിത്തല തന്റെ അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. തന്റെ സീനിയോരിറ്റി പരിഗണിച്ചിട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണന നേരിട്ടെന്നുമുള്ള പരാതികള്‍ ചെന്നിത്തല ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചതായി വിവിധ മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ചെന്നിത്തലയുടെ തീരുമാനമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നുള്ള വിവരം. ചെന്നിത്തല മന്ത്രിസഭയില്‍ ഭാഗമാവില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, രമേഷ് ചെന്നിത്തല മാറി നില്‍ക്കുമെന്ന വിശ്വാസം കോണ്‍ഗ്രസിനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കോണ്‍ഗ്രസിന് വേണ്ടി ഏറെ ഉപയോഗപ്പടുത്തിയതാണ്. അത് നാളെയും ലഭിക്കണം എന്നാണ് ആഗ്രഹം എന്നും സുധാകരന്‍ പറഞ്ഞു.

കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. ഇതില്‍ ഒടുവില്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഇതിന് പിറകെ കെ.സി. വേണുഗോപാല്‍ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരുന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു. വി.ഡി സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വേണുഗോപാല്‍ പറഞ്ഞു.

എം.എല്‍.എമാരുടെ പിന്തുണ താങ്കള്‍ക്കായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ല എന്ന് വേണുഗോപാല്‍ മറുപടി നല്‍കി. വി.ഡി. സതീശന് പൂര്‍ണ പിന്തുണ നല്‍കില്ലേ എന്ന ചോദ്യത്തിന് അതില്‍ ഒരു സംശയവുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലേ എന്ന ചോദ്യത്തിന് എന്താ സംശയമെന്ന് കെ.സി മറുപടി നല്‍കി. എ.ഐ.സി.സിയില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തിട്ടാണോ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരം പ്രശ്നങ്ങള്‍ക്കൊന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

Content Highlight: VD Satheesan Response on choosing VD Satheesan to Kerala CM Post