ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെന്ന് മൊഴി; പിണറായി രാജിവെക്കണമെന്ന് ചെന്നിത്തല
Kerala News
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെന്ന് മൊഴി; പിണറായി രാജിവെക്കണമെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 12:21 pm

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്,’ ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷവും ഉണ്ടായില്ല’ ചെന്നിത്തല പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി വെളിപ്പെടുത്തിയതായുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Pinaray Vijayan Dollar Case