തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുത്തതില്‍ ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഇടതിനോടുള്ള അടുപ്പമായി കാണേണ്ടതില്ലെന്നും വിശ്വാസപരമായ കാര്യങ്ങളില്‍ എന്‍.എസ്.എസിന് അവരുടേതായ നിലപാടുകളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘ശബരിമലയ്ക്ക് വേണ്ടിയും ആചാരസംരക്ഷണത്തിനും വേണ്ടിയാണ് എന്‍.എസ്.എസ് എന്നും നിലകൊണ്ടിട്ടുള്ളത്. എന്‍.എസ്.എസിനോട് യു.ഡി.എഫിനും കോണ്‍ഗ്രസിനും നല്ല ബന്ധമാണ്.
ഞങ്ങള്‍ ഇത്തരത്തില്‍ സംഗമം ഒന്നും നടത്താന്‍ തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ എപ്പോഴും ഭക്തജനങ്ങള്‍ക്കൊപ്പമാണ്. സമയമാകുമ്പോള്‍ കാര്യങ്ങള്‍ എന്‍.എസ്.എസിനെ ബോധ്യപ്പെടുത്തും,’ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്ന നിലപാടാണ് ഉള്ളതെന്നും അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയെന്ന നിലപാടാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ജാതിയോ മതമോ ഇല്ലെന്ന് പരിഹാസ രൂപേണെ പറഞ്ഞ സുകുമാരന്‍ നായര്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് ബി.ജെ.പിയും കോണ്‍ഗ്രസും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതെന്ന വിമര്‍ശനവും ഉന്നയിച്ചു.
എന്‍.എസ്.എസിന്റെ നാമജപ യാത്രയ്ക്ക് തുടക്കത്തില്‍ പിന്തുണ നല്‍കാതിരുന്ന കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു.
കോടതി വിധി തങ്ങളുടെ നിലപാടിന് എതിരായിരുന്നെങ്കിലും നാമജപ യാത്ര നടത്തി പ്രതിഷേധം അറിയിച്ചു. തുടക്കത്തില്‍ പിന്തുണയ്ക്കാതിരുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ജനപിന്തുണ കണ്ടപ്പോഴാണ് നാമജപ യാത്രയ്ക്കെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാരാണ് ആചാരം സംരക്ഷിക്കാന്‍ നടപടി എടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തിയതുകൊണ്ടാണ് എന്‍.എസ്.എസ് സഹകരിച്ചത്. അതുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Ramesh Chennithala on NSS’s participation in Ayyappa Sangamam