തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ്(എം)-കോണ്‍ഗ്രസ് ധാരണ തുടരുമെന്ന് യു.ഡി.എഫ്.
മുന്നണിവിട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മുമായി തദ്ദേശസ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലുമുള്ള ധാരണ തുടരുന്നതില്‍ പ്രശ്‌നമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതിനു ശേഷം ആദ്യമായി ചേര്‍ന്ന മുന്നണി യോഗത്തിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നണി ഒരുമിച്ചാണ് മല്‍സരിച്ചത്. യു.ഡി.എഫ് വിടാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ് ഒറ്റയ്‌ക്കെടുത്തതാണ്.
തദ്ദേശ സ്ഥാപനങ്ങളിലുള്ള ഐക്യം തുടരണമെന്നാണു യു.ഡി.എഫ് തീരുമാനം. തല്‍സ്ഥിതി കേരള കോണ്‍ഗ്രസിന് തുടരാനാണ് ആഗ്രമെങ്കില്‍ യു.ഡി.എഫിന് എതിര്‍ക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
തീരുമാനം കേരള കോണ്‍ഗ്രസ് പുനഃപരിശോധിക്കുമെന്നാണു കരുതുന്നതെന്നും രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. മുന്നണിയില്‍ നിന്നു കേരള കോണ്‍ഗ്രസ് പോകണമെന്ന നിലപാട് യു.ഡി.എഫ് ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. മുന്നണിയില്‍ എല്ലാ കക്ഷികള്‍ക്കും തുല്യപ്രാധാന്യമാണു കോണ്‍ഗ്രസ് നല്‍കിയത്.
വല്യേട്ടന്‍ മനോഭാവം കോണ്‍ഗ്രസ് കാണിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഏകപക്ഷീയമായി ഒരു കാര്യവും ഘടകക്ഷികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. മാണിയുമായി ചര്‍ച്ച ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിെയ ചുമതലപ്പെടുത്തിയെങ്കിലും ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ഇന്നത്തെ യു.ഡി.എഫ് ചര്‍ച്ചചെയ്യുകയുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
