കേരളത്തില്‍ ആഭ്യന്തരവകുപ്പ് എന്ന സംവിധാനമുണ്ടോ; രമേശ് ചെന്നിത്തല
Kerala News
കേരളത്തില്‍ ആഭ്യന്തരവകുപ്പ് എന്ന സംവിധാനമുണ്ടോ; രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th February 2022, 6:14 pm

തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ട സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തും, തുടര്‍ ഭരണത്തിലും ഇതുവരെ നടന്ന കസ്റ്റഡി മരണങ്ങള്‍ കേരള ചരിത്രം കണ്ടിട്ടില്ലാത്ത രീതിയില്‍ ഉയര്‍ന്ന അക്കങ്ങളിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പൊതുജനങ്ങളോടുള്ള കേരള പൊലീസിന്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണം, അവര്‍ ജനങ്ങളോട് കൂടുതല്‍ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ ഇന്നത്തെ കേരളത്തിലെ പൊലീസ് വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. കസ്റ്റഡി മരണങ്ങളും പോലീസ് അതിക്രമങ്ങളും വര്‍ധിച്ചുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.

‘ഇന്ന് കസ്റ്റഡിയില്‍ മരണപ്പെട്ട യുവാവിന്റെ ജീവന് ആരോടാണ് മറുപടി ചോദിക്കേണ്ടത്? ഈ മരണത്തിന് ഉത്തരവാദികള്‍ ആരാണ്? അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി നോക്കുമ്പോള്‍ കേരളത്തില്‍ ആഭ്യന്തരവകുപ്പ് എന്ന സംവിധാനം ഉണ്ടോ എന്ന സംശയം ഇന്ന് കേരള ജനതയുടെ മനസില്‍ ഉദിച്ചിരിക്കുകയാണ്.

സ്വന്തം പൊലീസിനെ കടിഞ്ഞാണിടാന്‍ കഴിയാത്ത ആഭ്യന്തരവകുപ്പ് പരാജയത്തില്‍ നിന്നും പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇന്ന് മനുഷ്യ ജീവന് ഒരു വിലയും ഇല്ലാ എന്ന സ്ഥിതിയാണുള്ളത്.
ഉറക്കം നടിക്കുന്ന ആഭ്യന്തരവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതല ഈ സര്‍ക്കാരും, ആഭ്യന്തര വകുപ്പും ഏറ്റെടുക്കണം,’ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ എഴുതി.

പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് കുമാറെന്ന യുവാവാണ് കസ്റ്റഡിയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദമ്പതികളെ കൈയേറ്റം ചെയ്ത കേസിലാണ് നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാറടക്കം അഞ്ച് പേരേ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.