സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ചെന്നിത്തല
Kerala News
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അഴിമതി ആരോപണവുമായി ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2022, 8:16 pm

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ അഴിമതി ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്‍സള്‍ട്ടന്‍സി കമ്പനിയെ നിയമിച്ചതില്‍ അഴിമതിയുണ്ട്. ഫ്രഞ്ച് കമ്പനിക്ക് കരാര്‍ ലഭിച്ചത് കമ്മീഷന്‍ വാങ്ങിയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയത്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈനിന് സര്‍വേ നടത്തിയതിലും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതിലുമാണ് ആരോപണം.
അഞ്ച് ശതമാനമാണ് കണ്‍സള്‍ട്ടന്‍സിയുടെ കമ്മീഷന്‍. കരിമ്പട്ടികയില്‍ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാര്‍. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.

‘കെ റെയിലിന് പിറകെ നടക്കുന്ന അഴിമതിയെക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആഗോള ടെന്‍ഡര്‍ പോലുമില്ലാതെയാണ് സിസ്റ്റ്‌റ എന്ന ഫ്രഞ്ച് കമ്പനിയെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചിരിക്കുന്നത്. സിസ്റ്ററയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ എസ്.എ.ഐ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയറിങ് ലിമിറ്റഡിനെ ലോക ബാങ്ക് അഴിമതി കാരണം നിരോധിച്ചിരുന്നു.

ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി നേരിട്ട് ഈ കമ്പനിയെ നിയമിച്ചിരിക്കുകയാണ്
പദ്ധതിയുടെ അഞ്ച് ശതമാനമാണ് കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കുന്നത്.
അതായത് 3000 കോടി രൂപയ്ക്ക് മുകളില്‍ വെറും കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കുകയാണ് ഇടതുസര്‍ക്കാര്‍. വലിയൊരു അഴിമതി കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ അരങ്ങേറുകയാണ് എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്,’ ചെന്നിത്തല പറഞ്ഞു.

ഈ പദ്ധതിക്ക് വേണ്ടി വായ്പ ലഭിക്കില്ല എന്ന് ബോധ്യം വന്നപ്പോള്‍ പാവം ജനങ്ങളുടെ സ്ഥലം ഏറ്റെടുത്തു പണയപ്പെടുത്തുവാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തുകയാണ്.
ഈ ജനവിരുദ്ധ കെ റെയില്‍ പദ്ധതിയെ ജനങ്ങള്‍ക്കൊപ്പം നിന്ന് യു.ഡി.എഫ് ശക്തമായി എതിര്‍ക്കും എന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.