ഡയലോഗ് പറയുമ്പോഴും ഡാന്‍സ് ചെയ്യുമ്പോഴും ആ നടന്‍ സ്വയം മാറും; എല്ലാവരും അദ്ദേഹം സീരിയസാണെന്ന് പറയുന്നത് ശരിയല്ല: രംഭ
Entertainment
ഡയലോഗ് പറയുമ്പോഴും ഡാന്‍സ് ചെയ്യുമ്പോഴും ആ നടന്‍ സ്വയം മാറും; എല്ലാവരും അദ്ദേഹം സീരിയസാണെന്ന് പറയുന്നത് ശരിയല്ല: രംഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 6:51 pm

രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ എട്ട് ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് രംഭ. 1990 – 2000 കാലഘട്ടത്തിലെ മികച്ച നടിമാരില്‍ ഒരാളായിരുന്നു അവര്‍.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിവയ്ക്ക് പുറമേ ഏതാനും ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് ചിത്രങ്ങളിലും രംഭ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടി, കലാഭവന്‍ മണി, ജയറാം, ദിലീപ് തുടങ്ങിയവരോടൊപ്പം അഭിനയിക്കാന്‍ നടിക്ക് സാധിച്ചു.

അതിനുപുറമെ കമല്‍ ഹാസന്‍, രജിനികാന്ത്, വിജയ്, ചിരഞ്ജീവി, പ്രഭു ദേവ, അര്‍ജുന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പവും രംഭ അഭിനയിച്ചിരുന്നു. കമല്‍ ഹാസനൊപ്പം കാതല കാതല (1998) എന്ന സിനിമയിലായിരുന്നു നടി വര്‍ക്ക് ചെയ്തിരുന്നത്.

ഇപ്പോള്‍ ബിഹൈന്‍ഡ്വുഡ്സ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ കുറിച്ച് പറയുകയാണ് രംഭ. ഡയലോഗ് പറയേണ്ട സമയത്തും ഡാന്‍സ് ചെയ്യേണ്ട സമയത്തും വേറെ തന്നെ ഒരു കമല്‍ ഹാസനെയാണ് കാണാനാകുക എന്നാണ് നടി പറയുന്നത്.

‘സിനിമയില്‍ ഡയലോഗ് പറയേണ്ട സമയം വരുമ്പോള്‍ കമല്‍ സാര്‍ വേറെ തന്നെ ഒരാളാകും. ഡാന്‍സ് ചെയ്യേണ്ട സമയത്തും വേറെ തന്നെ ഒരു കമല്‍ സാറിനെയാണ് കാണാനാകുക. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വലിയ ഒരു എനര്‍ജിയാണ് നമുക്ക് ലഭിക്കുക.

അദ്ദേഹത്തിന്റെ ഒപ്പമുള്ള സീനുകള്‍ ചെയ്യുമ്പോള്‍ നമുക്ക് സ്വയം കുറച്ച് കൂടി നന്നായി ചെയ്യാന്‍ തോന്നും. എല്ലാവരും കമല്‍ സാറിനെ കുറിച്ച് പറയാറുള്ളത് അദ്ദേഹം വളരെ സീരിയസാണ് എന്നാണ്. പക്ഷെ നമ്മള്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് വര്‍ക്കിന്റേതായ സീരിയസ്‌നെസ് കാണിക്കേണ്ടേ.

അത് തന്നെയാണ് കമല്‍ സാറും ചെയ്യുന്നത്. ഒരു അഭിനേതാവ് എന്താണോ ചെയ്യേണ്ടത്, അതാണ് സാര്‍ ചെയ്യുന്നത്. വളരെ ഡെഡിക്കേറ്റഡായ ആളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ എല്ലാ പ്രൊഡ്യൂസേഴ്‌സിനും ഡയറക്ടേഴ്‌സിനും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്,’ രംഭ പറയുന്നു.


Content Highlight: Rambha Talks About Kamal Haasan