ഇത്രയും കാലത്തെ അഭിനയജീവിതത്തില്‍ ഇതുപോലൊരു സീന്‍ ചെയ്യേണ്ടി വന്നിട്ടില്ലെന്നാണ് പേരന്‍പിന്റെ സമയത്ത് മമ്മൂക്ക പറഞ്ഞത്: സംവിധായകന്‍ റാം
Entertainment
ഇത്രയും കാലത്തെ അഭിനയജീവിതത്തില്‍ ഇതുപോലൊരു സീന്‍ ചെയ്യേണ്ടി വന്നിട്ടില്ലെന്നാണ് പേരന്‍പിന്റെ സമയത്ത് മമ്മൂക്ക പറഞ്ഞത്: സംവിധായകന്‍ റാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th July 2025, 8:44 pm

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പേരന്‍പ്. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെയും ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അയാളുടെ മകളുടെയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ റാം.

മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്ത സമയങ്ങളെല്ലാം താന്‍ ഒരുപാട് ആസ്വദിച്ചിരുന്നെന്ന് റാം പറഞ്ഞു. മമ്മൂട്ടിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ആ സെറ്റില്‍ തനിക്ക് ഉണ്ടായിരുന്നെന്നും നമുക്ക് അറിയാത്ത കാര്യം മമ്മൂട്ടി പഠിപ്പിച്ച് തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ശരീരം ഒരു ടൂളാക്കി എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് അദ്ദേഹം കാണിച്ച് തരുമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

ഡയലോഗ് പഠിപ്പിച്ച് കൊടുക്കുമ്പോള്‍ മോഡുലേഷനില്‍ പറഞ്ഞുകൊടുത്തെന്നും അക്കാര്യത്തില്‍ മാത്രമാണ് തങ്ങള്‍ക്കുള്ളില്‍ പ്രശ്‌നമുണ്ടായതെന്നും റാം പറഞ്ഞു. മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്ത ശേഷം തനിക്ക് ആത്മവിശ്വാസം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറന്ത് പോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു റാം.

‘മമ്മൂട്ടി സാറുമായി വര്‍ക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. സെറ്റില്‍ അദ്ദേഹവുമായി സംസാരിച്ചിരുന്ന സമയമെല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. അദ്ദേഹത്തോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. നമുക്ക് അറിയാത്ത കാര്യമാണെങ്കില്‍ അദ്ദേഹം പഠിപ്പിച്ച് തരും. സ്വന്തം ശരീരം ഒരു ടൂളാക്കി എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് അദ്ദേഹം കാണിച്ചുതരും.

ഡയലോഗില്ലാത്ത സീനില്‍ പോലും ബോഡി ലാംഗ്വേജ് കൊണ്ട് അത് എങ്ങനെ കണ്‍വേ ചെയ്യണമെന്ന് അദ്ദേഹം കാണിച്ചുതരും. സെറ്റില്‍ ആകെ ഒരൊറ്റ കാര്യത്തില്‍ മാത്രമേ വഴക്കുണ്ടായിട്ടുള്ളൂ. അത് ഡയലോഗ് പറഞ്ഞുകൊടുക്കുന്ന കാര്യത്തിലായിരുന്നു. ലൈവ് സൗണ്ടുള്ള സീനാണെങ്കില്‍ ആ സീനിലെ ഡയലോഗ് പറഞ്ഞുകൊടുക്കുമായിരുന്നു. സ്‌ക്രിപ്റ്റ് കറക്ടായി അറിയാവുന്നതുകൊണ്ട് ആ മോഡുലേഷനില്‍ ഞാന്‍ ഡയലോഗ് പറയും.’നീ ഡയലോഗ് മാത്രം പറഞ്ഞുതന്നാല്‍ മതി, മോഡുലേഷന്‍ വേണ്ട’ എന്ന് പറയും.

അതില്‍ മാത്രമാണ് അദ്ദേഹവും ഞാനും അഭിപ്രായവ്യത്യാസമുണ്ടായത്. അതുപോലെ ആ സിനിമയിലെ ഒരു പ്രത്യേക സീന്‍, അത് എങ്ങനെ ചെയ്യണമെന്ന് എനിക്ക് പറഞ്ഞുകൊടുക്കാന്‍ സാധിച്ചില്ല. ‘എന്റെ ഇത്രയും വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇതുപോലൊരു സീന്‍ ഞാന്‍ ചെയ്തിട്ടില്ല. ഒരൊറ്റ സിനിമയിലും ഇതുപോലൊരു സീന്‍ ചെയ്തിട്ടുമില്ല’ എന്നാണ് പറഞ്ഞത്. അത് എങ്ങനെ പറഞ്ഞുകൊടുക്കണമെന്ന് എനിക്കും അറിയില്ലായിരുന്നു,’ റാം പറഞ്ഞു.

Content Highlight: Ram shares the shooting experience with Mammootty in Peranbu movie