ബി.ജെ.പിയുടെ ചുണ്ടില്‍ മാത്രമാണ് റാം, മനസില്‍ നാഥുറാം ആണ്; വി.ബി.ജി റാം ജി ബില്ലിനെതിരെ കോണ്‍ഗ്രസ് എം.പി
India
ബി.ജെ.പിയുടെ ചുണ്ടില്‍ മാത്രമാണ് റാം, മനസില്‍ നാഥുറാം ആണ്; വി.ബി.ജി റാം ജി ബില്ലിനെതിരെ കോണ്‍ഗ്രസ് എം.പി
അനിത സി
Tuesday, 16th December 2025, 10:58 pm

ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി വി.ബി.ജി റാം ജി എന്നാക്കി മാറ്റുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

എല്ലായിടത്തുനിന്നും രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും പേര് നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി സുഖ്ദിയോ ഭഗത് പറഞ്ഞു.

ഉള്ളില്‍ നാഥുറാമിനെ സൂക്ഷിച്ചുവെയ്ക്കുന്ന ബി.ജെ.പി എപ്പോഴും റാം എന്ന പേര് ഉപയോഗിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മ ഗാന്ധിയുടെ പേര് നീക്കി റാം എന്ന് ഉള്‍പ്പെടുത്തുന്നത് രാഷ്ട്ര പിതാവിനോടുള്ള അപമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഗാന്ധിജിയുടെ പ്രതിമ പാര്‍ലമെന്റില്‍ നിന്നും എടുത്തുമാറ്റിയവരാണ് ബി.ജെ.പി നേതാക്കള്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത അവരോട് (ബി.ജെ.പി) സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചോദിച്ചാല്‍ പങ്കാളിത്തം പൂജ്യമാണെന്ന് വ്യക്തമാകും.

അതിന്റെ കോംപ്ലക്‌സാണ് ഇപ്പോള്‍ കാണിക്കുന്നത്. അതുകൊണ്ടാണ് നെഹ്‌റുവിന്റെ പേരും ഗാന്ധിയുടെ പേരും സകല സ്ഥലത്തുനിന്നും അവര്‍ നീക്കം ചെയ്യുന്നത്. അവരെപ്പോഴും റാം എന്ന് പറയുന്നു. എന്നാല്‍ ചുണ്ടില്‍ റാം എന്ന് പറയുന്നവരുടെ മനസിലും ചിന്തയിലും നാഥുറാം ആണ്,’ സുഖ്ദിയോ ഭഗത് വിമര്‍ശിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പേര് വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വി.ബി.ജി റാം ജി) എന്നാക്കി മാറ്റാനും പഴയ പദ്ധതി റദ്ദാക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മഹാത്മാ ഗാന്ധിയുടെ പേര് തകര്‍ക്കാനും ശ്രീരാമനെ അപമാനിക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് വി.ബി.ജി റാം ജി ബില്‍ അവതരിപ്പിക്കാനുള്ള നീക്കം തടഞ്ഞുകൊണ്ട് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇത്തരത്തില്‍ പേര് മാറ്റുന്നതിലൂടെ എന്താണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും അനാവശ്യമായ ചെലവുകളാണ് ഇതിലൂടെ കേന്ദ്രം വരുത്തിവെയ്ക്കുന്നതെന്നും വിമര്‍ശിച്ചിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പര്‍ട്ടികളും കേന്ദ്രത്തിന്റെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പേര് മാറ്റാനുള്ള തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പരിഹസിച്ചിരുന്നു.

‘കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നിരവധി നഗരങ്ങളുടെയും റെയില്‍വേ സ്‌റ്റേഷനുകളുടെയും പേര് മാറ്റിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്ന് പേര് മാറ്റുമോയെന്ന് ഞാന്‍ ഭയക്കുന്നു.

യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ട് മാത്രമേ മാറ്റം കൊണ്ടുവരാനാകൂ, അല്ലാതെ പേര് മാറ്റുന്നത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല,’ ഭഗവന്ത് മന്‍ പറഞ്ഞിരുന്നു.

Content Highlight: Ram is only on BJP’s lips, Nathuram is in their minds; Congress MP against VB G Ram G Bill

 

 

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍