ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ശൈലിയിലെ ഫിലിം മേക്കിങ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. സത്യ എന്ന ചിത്രത്തിലൂടെ അതുവരെ കാണാത്ത തരത്തിലുള്ള ഗ്യാങ്സ്റ്റര്‍ സിനിമ ഇന്ത്യന്‍ സിനിമാലോകത്തിന് സമ്മാനിച്ച രാം ഗോപാല്‍ വര്‍മ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്നയാളാണ്.
സൗത്ത് ഇന്ത്യയിലും ബോളിവുഡിലും ഒരേപോലെ ആരാധകരുള്ള സംവിധായകരാണ് രാം ഗോപാല്‍ വര്‍മയും മണിരത്‌നവും. ഇപ്പോള്‍ മണിരത്‌നത്തെ കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. മണിരത്‌നം സംവിധാനം ചെയ്ത നായകന്‍ എന്ന സിനിമ തനിക്ക് ഇഷ്ടമല്ലെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. എംപവര്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണിരത്‌നത്തിന് എന്റെ സിനിമകള്‍ ഇഷ്ടമല്ല. മണിയുടെ സിനിമകള്‍ എനിക്കും ഇഷ്ടമല്ല. അതാണ് ഞങ്ങളുടെ ബന്ധം. നായകന്‍ എന്ന സിനിമയില്‍ എനിക്ക് കമലിന്റെ പ്രകടനം മികച്ചതായി തോന്നിയിരുന്നു. ചില സീനുകളും കൊള്ളാം. എന്നാല്‍ മൊത്തത്തില്‍ ഒരു സിനിമ എന്ന നിലയില്‍ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല.
നായകന്‍ എന്ന സിനിമയല്ല, മണി എന്നെ സംവിധായകനാണ് എന്നെ സ്വാധീനിക്കാതിരുന്നത്. എന്നെ ശരിക്കും സ്വാധീനിച്ചത് കെ. ബാലചന്ദര്‍ ആയിരുന്നു. അടുത്തിടെ ഞാന്‍ അദ്ദേഹത്തിന്റെ ഒരു സിനിമ കണ്ടിരുന്നു. അദ്ദേഹത്തിന്റെയും എന്റെയും കട്ട് എത്രത്തോളം സാമ്യമുള്ളതാണെന്ന് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.
ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തിന്റെ എഡിറ്റിങ്ങും ഡയലോഗുമൊക്കെ എന്റേതുമായി എത്രമാത്രം സാമ്യമുള്ളതാണെന്ന് അപ്പോള്‍ എനിക്ക് മനസിലായി,’ രാം ഗോപാല്‍ വര്‍മ പറയുന്നു.