ചെന്നൈ: വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഐ.ഐ.ടി മദ്രാസില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ രക്ഷാബന്ധന്‍ സംഘടിപ്പിച്ചു. ഇന്നലെയായിരുന്നു (ആഗസ്റ്റ് 9) ക്യാമ്പസില്‍ രക്ഷാബന്ധന്‍ ആചരണം നടന്നത്. വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് വരെ ഇലക്ട്രിക്കല്‍ സയന്‍സ് ബ്ലോക്കില്‍ വെച്ചാണ് പരിപാടി നടന്നത്. തമിഴ്നാട്ടിലെ ആര്‍.എസ്.എസിന്റെ സഹ പ്രാന്ത കാര്യവാഹക് രാമകൃഷ്ണ പ്രസാദായിരുന്നു മുഖ്യാതിഥി.
രക്ഷാബന്ധന്‍ പരിപാടിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധിച്ചു. ‘ഗെറ്റ് ഔട്ട് ആര്‍.എസ്.എസ്’എന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ സൗത്ത് ചെന്നൈ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അരവിന്ദ്‌സാമി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് അജണ്ടയേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവിവല്‍ക്കരണ ശ്രമങ്ങളെയും എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് നേതൃത്വം അറിയിച്ചു.
ഇതിന് മുമ്പും ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ മദ്രാസ് ഐ.ഐ.ടിയില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രകള്‍ അടക്കമുള്ളവ നടന്നിട്ടുണ്ട്. എന്നാല്‍ ക്യാമ്പസിലെ മൃഗങ്ങള്‍ക്ക് ശല്യമുണ്ടാകുമെന്ന് കാരണം കാണിച്ച് അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ എന്ന സംഘടന നയിക്കുന്ന സമരങ്ങള്‍ക്കും മാര്‍ച്ചുകള്‍ക്കും അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
പിന്നാലെ അനുവാദമില്ലാതെ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന ഐ.ഐ.ടിയുടെ പേരുപയോഗിച്ചുവെന്ന് പറഞ്ഞ് ഈ സംഘടനയെ 2015ല്‍ ക്യാമ്പസില്‍ നിന്ന് താത്കാലികമായി വിലക്കി. എന്നാല്‍ ഐ.ഐ.ടിയിലെ എല്ലാ ഹിന്ദുത്വ സംഘടനകളുടെയും പേരില്‍ ഐ.ഐ.ടി മദ്രാസ് എന്ന് ഉപയോഗിക്കാറുണ്ട്.