വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാകേഷ് മണ്ടോടി. തുടര്‍ന്ന് ടൊവിനോ തോമസ് നായകനായ ഗോദക്കും രാകേഷ് തിരക്കഥയെഴുതി. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഒരു ജാതി ജാതകത്തിന്റെ തിരക്കഥയും രാകേഷിന്റെയാണ്.
വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് രാകേഷ് മണ്ടോടി. ആറാം ക്ലാസ് മുതല്‍ വിനീത് ഓരോ കുട്ടികളെയും ഇഷ്ടമാണെന്നും അവരോട് പ്രണയമാണെന്നും തന്നോട് വന്ന് പറയുമെന്ന് രാകേഷ് മണ്ടോടി പറയുന്നു.
പൊട്ടുതൊട്ടതോ നീളമുള്ള മുടിയുള്ളതോ തട്ടമിട്ടതോ ആയ പെണ്‍കുട്ടികളെ കണ്ടാല്‍ വിനീതിന് പ്രണയം തോന്നുമെന്നും രാകേഷ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാകേഷ് മണ്ടോടി.
‘വിനീത് ആറാം ക്ലാസ് മുതലേ ഓരോ പ്രാവശ്യവും വീട്ടില്‍ വരും. എന്നിട്ട് ‘രാകേഷേട്ടാ, ഒരു പെണ്‍കുട്ടിയുണ്ട്, നല്ല കുട്ടിയാണ്’ എന്ന് വിനീതിന്റെ ഒരു രീതിയുണ്ടല്ലോ, അതില്‍ പറയും. പേരെല്ലാം പറഞ്ഞിട്ട് എനിക്ക് ആ കുട്ടിയോട് ഭയങ്കര പ്രണയമാണെന്ന് പറയും.
പൊട്ടുതൊട്ടതോ നീളമുള്ള മുടിയുള്ളതോ തട്ടമിട്ടതോ ആയ എല്ലാ പെണ്‍കുട്ടികളെ കാണുമ്പോഴും ഇവന് പ്രണയം തോന്നും. ഇവന്‍ പ്രണയിക്കും, വീട്ടില്‍ വന്ന് പറയും, കുറച്ച് കഴിയുമ്പോള്‍ അത് പോയെന്ന് വീട്ടില്‍ വന്ന് പറയും, അടുത്തത് നോക്കും. ഇത് തന്നെയായിരുന്നു പണി.
ബേസിക്കലി ഇവനും മാമനും (ഒരു ജാതി ഒരു ജാതകത്തിലെ സംവിധായകന്‍) ഇവര്‍ രണ്ടുപേരും ലോലന്‍മാരായിരുന്നു.
ഞാന്‍ അക്കാലത്ത് പ്രണയിച്ചിട്ടൊന്നും ഇല്ല. ഞാന്‍ ആകെ ഒറ്റ പ്രണയമേ ചെയ്തിട്ടുള്ളൂ, അത് കല്ല്യാണത്തിലും അവസാനിച്ചു. മാമനും വിനീതും ഒരു രക്ഷയുമില്ല. അവര്‍ ഏതോ കാലത്ത് ഇങ്ങനെ പ്രണയിച്ച് പ്രണയിച്ച് നടക്കുകയിരുന്നു.
വിനീത് പിന്നെ ഇത് നിര്‍ത്തുന്നത് പതിനെട്ടാമത്തെ വയസിലോ പത്തൊമ്പതാമത്തെ വയസിലോ ദിവ്യയെ കാണുമ്പോഴാണ്. അതോടുകൂടി വിനീത് അടങ്ങി,’ രാകേഷ് മണ്ടോടി പറയുന്നു.